ഡമാസ്‌ക്കസ് വളഞ്ഞ് വിമതര്‍: മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം

ഡമാസ്‌ക്കസ് വളഞ്ഞ് വിമതര്‍: മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തു; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം

ഡമാസ്‌ക്കസ്: ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിമ്പോള്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസ് വളഞ്ഞ് വിമതര്‍. വിമത സൈന്യം ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്) ആണ് തലസ്ഥാന നഗരം വളഞ്ഞത്. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തതായി അവര്‍ അവകാശപ്പെട്ടു. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.

സുപ്രധാന വിമത നീക്കത്തിനിടെ പ്രസിഡന്റ് ബശാറുല്‍ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാല്‍ അദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. സിറിയയില്‍ ഇനിയെന്തെന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.

വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസിന് 20 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ സേന തലസ്ഥാന നഗരം വളയുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് വിമതരുടെ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും സിറിയന്‍ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ചിരുന്നു. പ്രധാന നഗരങ്ങളിലൊന്നായ ഹോംസിന്റെ പടിവാതില്‍വരെയെത്തിയ വിമതസേന ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി വിമതര്‍ പിടിച്ചെടുക്കുന്നതിനിടയില്‍ പ്രശ്നത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ ദോഹയില്‍ യോഗം ചേര്‍ന്നു. സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചതായി യോഗത്തിന് ശേഷം ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.