പാരീസ് : പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി വിശുദ്ധ കുർബാനയർപ്പണം നടത്തി. അമലോദ്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് പാരീസ് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിക്കിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു വിശുദ്ധ ബലിയർപ്പണം നടന്നത്.
വിവിധ രാജ്യക്കാരായ 170 മെത്രാന്മാർ സഹകാർമികരായി. അമ്പതോളം രാഷ്ട്രത്തലവന്മാരോടൊപ്പം 2500 ക്ഷണിതാക്കളും പള്ളിക്കുള്ളിലെ ചടങ്ങിൽ പങ്കെടുത്തു.
കൂദാശാ കർമത്തിന് ശേഷം നടന്ന വിശുദ്ധ കുർബാനയർപ്പണത്തിലും ആർച്ച് ബിഷപ്പ് ഉൾറിച്ച് കാർമികനായിരുന്നു.
“വിശുദ്ധമായ സംഗീതോപകരണമേ ഉണരൂ. ദൈവസ്തുതികൾ ആലപിക്കൂ“. എന്ന ആർച്ച് ബിഷപ്പിന്റെ വാക്കുകളോടെയാണ് രണ്ടര മണിക്കൂർ നീണ്ട കൂദാശ കർമം ആരംഭിച്ചത്. പിന്നാലെ ധൂപാർച്ചനയും അൾത്താരയുടെ തൈലാഭിഷേകവും പാരീസിനോട് ബന്ധപ്പെട്ട വിശുദ്ധരുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും നടന്നു.
കുർബാനയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു. കത്തീഡ്രലിന്റെ പുനപ്രതിഷ്ഠ പ്രവാചകതുല്യമായ ഒരടയാളമാണെന്ന് ചൂണ്ടിക്കാട്ടി. ഈ . കത്തീഡ്രലിൽ പ്രവേശിച്ച് പ്രാർഥിക്കുന്നവർ ഫ്രാൻസിന്റെ ധന്യമായ വിശ്വാസ പൈതൃകത്തിൽ നിന്ന് ശക്തി നേടി നവപ്രേഷിതരായി രൂപാന്തരപ്പെടണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
കത്തീഡ്രലിലെ രണ്ടാമത്തെ വിശുദ്ധ കുർബാന ഇന്നലെ വൈകുന്നേരം 6.30ന് നടന്നു. ഇന്ന് മുതൽ പതിവായി വിശുദ്ധ കുർബാനയുണ്ടാകും. പൊതുജനങ്ങൾക്കും സൗജന്യമായി പള്ളി സന്ദർശിക്കാം.
ഡിസംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് കത്തീഡ്രൽ വീണ്ടും തുറന്നത്.
അതീവ സുരക്ഷാസംവിധാനത്തിലായിരുന്നു നോട്രഡാം കത്തീഡ്രൽ വീണ്ടും തുറന്നത്. അൻപതോളം രാഷ്ട്രത്തലവന്മാർ പങ്കെടുത്ത പരിപാടിയിൽ ശനി, ഞായർ ദിവസങ്ങളിലായി ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ജെൻഡർ മേരിയിലെ അംഗങ്ങളെയും വിന്യസിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.