തൃപ്പൂണിത്തുറ തിരിച്ചു പിടിക്കാന്‍ പിഷാരടി വരുമോ?.. ധര്‍മ്മജന്‍ എവിടെ മത്സരിക്കും?..പിന്നാമ്പുറ ചര്‍ച്ചകള്‍ തകൃതി

തൃപ്പൂണിത്തുറ തിരിച്ചു പിടിക്കാന്‍ പിഷാരടി വരുമോ?.. ധര്‍മ്മജന്‍ എവിടെ മത്സരിക്കും?..പിന്നാമ്പുറ ചര്‍ച്ചകള്‍ തകൃതി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ മിമിക്രി താരവും സിനിമാ നടനുമായ രമേഷ് പിഷാരടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന.

മുന്‍മന്ത്രി കെ.ബാബുവിന്റെ കുത്തക മണ്ഡലമായ തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണ ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജിനെ ഇറക്കി സിപിഎം വിജയം നേടിയിരുന്നു. കെ.ബാബു ഇത്തവണ മണ്ഡലം മാറാനുള്ള ശ്രമത്തിലാണ്. തൃക്കാക്കരയിലാണ് അദ്ദേഹത്തിന് നോട്ടം. ഈ സാഹചര്യത്തില്‍ പിഷാരടിയെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

സിറ്റിംഗ് എംഎല്‍എ എം.സ്വരാജ് തന്നെയാണ് ഇത്തവണയും ഇടത് സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ട്. കെ.ബാബു 1991 മുതല്‍ തുടര്‍ച്ചയായി വിജയിച്ചുവന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. അതിനുമുമ്പ് സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ ജയിച്ചിരുന്നു. എന്നാല്‍ 1991 മുതല്‍ 2016ലെ തെരഞ്ഞെടുപ്പ് വരെ മണ്ഡലം ബാബുവിനൊപ്പമായിരുന്നു.

2011ല്‍ സിപിഎമ്മിലെ സിഎം ദിനേഷ് മണിയെ 15,778 വോട്ടുകള്‍ക്കാണ് കെ.ബാബു പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയുമായി. എന്നാല്‍ ബാര്‍കോഴ ആരോപണം ഉയര്‍ന്നതോടെ 2016 ലെ തെരഞ്ഞെടുപ്പില്‍ ബാബുവിന് അടിപതറി. 4,467 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബാബുവില്‍ നിന്നും സ്വരാജ് മണ്ഡലം പിടിച്ചെടുത്തു.

കെ.ബാബുവിന് തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലും എംഎല്‍എ എന്ന നിലയില്‍ സ്വരാജ് നടത്തിയ പ്രവര്‍ത്തനങ്ങളെ മറികടക്കാനും സജീവ രാഷ്ട്രീയത്തിന് പുറമെയുള്ളവരെ ഇറക്കുന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് രമേഷ് പിഷാരടി. ഇദ്ദേഹത്തിന്റെ സുഹൃത്തും സഹ താരവുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ബാലുശേരി, എറണാകുളം ജില്ലയിലെ വൈപ്പിന്‍, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങള്‍ ധര്‍മ്മജനായി പറഞ്ഞു കേള്‍ക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.