വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ സ്വകാര്യ ക്രിസ്ത്യന്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വെടിയുതിര്‍ത്തത് പതിനഞ്ചുകാരിയെന്നാണ് അസോസിയേറ്റഡ് പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമി സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് പറഞ്ഞു.
വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മാഡിസണിലെ അബണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയത് ഇതേസ്‌കൂളിലെ വിദ്യാര്‍ഥി തന്നെയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. പൊലീസ് എത്തിയപ്പോഴേക്കും കുറ്റവാളി സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എല്‍.കെ.ജി മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 400 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ക്രിസ്മസ് അവധിക്ക് ഒരാഴ്ച്ച അവശേഷിക്കെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവമുണ്ടായത്. കൈത്തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിനി വെടിയുതിര്‍ത്തത്.
ഈ വിദ്യാര്‍ത്ഥിനിയുടെ കുടുംബം പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിന് പ്രകോപനമായ കാരണത്തെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സ്‌കൂളില്‍ കൃത്യസമയത്ത് തന്നെ എത്തിയ വിദ്യാര്‍ഥിനി മൂന്ന് മണിക്കൂറിന് ശേഷമാണ് തോക്ക് പുറത്തെടുത്ത് ആക്രമണം നടത്തിയത്. ആദ്യ വെടിശബ്ദം മുഴങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ പരക്കം പാഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ നേരത്തെ തന്നെ പരിശീലനങ്ങള്‍ നല്‍കിയിരുന്നതിനാല്‍ മിക്കവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നു.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ 15 വയസുള്ള ഒരാള്‍ക്ക് നിയപരമായി തോക്ക് കൈവശം വെക്കാന്‍ അധികാരമില്ല. ഈ വര്‍ഷം യുഎസില്‍ 322 സ്‌കൂളുകളിലാണ് വെടിവയ്പ്പുണ്ടായത്. 2023 ല്‍ 349 വെടിവയ്പ്പുകളാണുണ്ടായത്. തോക്ക് നിയന്ത്രണവും സ്‌കൂള്‍ സുരക്ഷയും ഇവിടെ വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.