വിയന്ന: ഓസ്ട്രിയയിലെ വിയന്നയില്‍ നാലു പതിറ്റാണ്ടിനിടെ വയോധിക ദമ്പതിമാര്‍ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തത് 12 തവണയാണ്. ഒടുവില്‍ 12-ാമത്തെ വിവാഹമോചനത്തോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് അധികൃതര്‍ പിടികൂടിയത്.
ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങളാണ് വിവാഹമോചനത്തിന് പിന്നിലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ വലിയൊരു തട്ടിപ്പിന്റെ ഭാഗമായിരുന്നു ഈ വിവാഹങ്ങളും വിവാഹമോചനങ്ങളും. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യം തട്ടിയെടുക്കാനായിരുന്നു ദമ്പതിമാരുടെ ഈ വിവാഹങ്ങളും വിവാഹമോചനങ്ങളും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
വിയന്നയില്‍ താമസിച്ചുവരുന്ന ദമ്പതിമാര്‍ തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളോ വഴക്കോ ഉണ്ടായിരുന്നില്ലെന്നാണ് സമീപവാസികളടക്കം പറയുന്നത്. എന്നാല്‍, രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഇരുവരും വിവാഹമോചനം നേടുന്നതും പിന്നീട് വീണ്ടും വിവാഹം കഴിക്കുന്നതും തുടര്‍ന്നുപോന്നു. പക്ഷേ, ഇക്കാലയളവിലെല്ലാം ഒരുമിച്ചുതന്നെയായിരുന്നു ഇവരുടെ താമസം.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്ക് ഓസ്ട്രിയയിലെ നിയമമനുസരിച്ച് സാമ്പത്തികമായ ആനുകൂല്യം ലഭിക്കും. ഈ ആനുകൂല്യം തട്ടിയെടുക്കാനായിരുന്നു ദമ്പതിമാരുടെ ഇടയ്ക്കിടെയുള്ള വിവാഹമോചനവും പുനര്‍വിവാഹങ്ങളും. ഇങ്ങനെ 326,000 യൂറോ സ്ത്രീക്ക് സര്‍ക്കാരില്‍നിന്ന് ലഭിക്കുകയും ചെയ്തു.
വിവാഹമോചനത്തിന് ശേഷം ഈ തുക ലഭിച്ചാല്‍ വീണ്ടും തന്റെ മുന്‍ ഭര്‍ത്താവിനെ വിവാഹം കഴിക്കുകയാണ് സ്ത്രീ ചെയ്തിരുന്നത്. ഇത്തരത്തില്‍ 12 തവണയാണ് ഇരുവരും വിവാഹമോചനം നേടുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തത്. എന്നാല്‍, അവസാനത്തെ വിവാഹമോചനത്തില്‍ അധികൃതര്‍ തട്ടിപ്പ് കൈയോടെ പിടികൂടി. 2022-ല്‍ ആനുകൂല്യം ലഭിക്കാനായി 'പെന്‍ഷന്‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ പോയതോടെയാണ് അധികൃതര്‍ തട്ടിപ്പ് പിടികൂടിയത്. ഇത്രയും വിവാഹമോചനം നേടിയതും പിന്നീട് വിവാഹംചെയ്തതുമെല്ലാം സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.