ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരി അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങളുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.
മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പര്‍ഷോത്തം രൂപാല, ഭര്‍തൃഹരി മഹ്താബ്, അനില്‍ ബലൂനി, സിഎം രമേഷ്, ബന്‍സുരി സ്വരാജ്, വിഷ്ണു ദയാല്‍ റാം, സംബിത് പത്ര തുടങ്ങിയവരാണ് സമിതിയില്‍ ലോക്സഭയില്‍ നിന്നുള്ള ബിജെപി അംഗങ്ങള്‍.
കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.
രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. സമിതിയില്‍ ലോക്സഭയില്‍ നിന്ന് പതിനാല് അംഗങ്ങള്‍ എന്‍ഡിഎയില്‍ നിന്നാണ്. ഇതില്‍ പത്തുപേര്‍ ബിജെപിയില്‍ നിന്നുമാണ്.
അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ല്. കഴിഞ്ഞ ദിവസം നിയമമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.