ഭോപ്പാല്‍: മധ്യപ്രദേശിലെ സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഈ മാസം 12 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിസ്തുമസ് എന്ന് പേരെടുത്ത് പറയാതെ വരാന്‍ പോകുന്ന ആഘോഷങ്ങള്‍ എന്നാണ് ഉത്തരവിലുള്ളത്.
ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളെയാണ് ഈ നിയന്ത്രണങ്ങള്‍ ഏറെയും ബാധിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ സാന്റാ ക്ലോസ്, കന്യാമറിയം, ജോസഫ്, ആട്ടിടയന്മാര്‍ തുടങ്ങിയ വേഷങ്ങള്‍ ധരിക്കുന്നതിന് മാതാപിതാക്കളുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന് പുറമെ ബാലാവകാശ കമ്മിഷനും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷവും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളുകളിലധികവും നടത്തുന്നത് ക്രൈസ്തവ സഭകളാണ്. സ്‌കൂള്‍ നടത്തിപ്പുകാരെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ സര്‍ക്കുലര്‍.
'അനിഷ്ട സംഭവങ്ങള്‍' ഉണ്ടാകാതിരിക്കാന്‍ സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതം ഉറപ്പാക്കണം. എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍, ബന്ധപ്പെട്ട സ്‌കൂള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും എന്ന നിര്‍ദേശമാണ് സംസ്ഥാന ബാലാവകാശ സമിതി നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്.
സംസ്ഥാന ബാലാവകാശ സംഘടനയുടെ ഉത്തരവിനെ മധ്യപ്രദേശിലെ ക്രൈസ്തവര്‍ അപലപിച്ചു. ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ലക്ഷ്യമിടുന്നതിന്റെ ഗൂഢലക്ഷ്യം ഈ ഉത്തരവിലുണ്ടെന്ന് ജബല്‍പൂര്‍ രൂപത ആസ്ഥാനമായുള്ള അക്കാദമിഷ്യന്‍ ഫാ. തങ്കച്ചന്‍ ജോസ് യു.സി.എ ന്യൂസിനോട് (യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ്) പറഞ്ഞു.
മറ്റൊരു മതത്തിന്റെ ഉത്സവത്തിന് മുന്നോടിയായി ബാലാവകാശ സംഘടന ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. ഇത് ഗുരുതരമായ ആശങ്കയാണെങ്കില്‍, അക്കാദമിക് സെഷന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കുമായി സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിക്കണമായിരുന്നു - പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ ക്രിസ്തുമസ് പരിപാടികള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന നടപടിയെ എക്യുമെനിക്കല്‍ സംഘടനയായ സര്‍വ ഇസായി മഹാസഭയുടെ (ഓള്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍) ദേശീയ പ്രസിഡന്റ് ജെറി പോള്‍ വിമര്‍ശിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് എന്തിനാണ് ഈ വിവേചനമെന്ന് അദ്ദേഹം ചോദിച്ചു. ഈ ഉത്തരവ് ക്രിസ്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.