'ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാം; ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍': മടുത്തോ പുടിന്?..

'ഉക്രെയ്ന്‍  യുദ്ധം അവസാനിപ്പിക്കാം; ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍': മടുത്തോ പുടിന്?..

മോസ്‌കോ: ഉക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്നും പുടിന്‍ അവകാശപ്പെട്ടു. റഷ്യക്കാരുമായുള്ള വാര്‍ഷിക ചോദ്യോത്തര വേളയില്‍ സ്റ്റേറ്റ് ടിവിയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്.

നാല് വര്‍ഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുടിന്‍, ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയ്യാറാണെന്നും പുടിന്‍ ആവര്‍ത്തിച്ചു.

ചില നാറ്റോ രാജ്യങ്ങളുടെ രഹസ്യ പിന്തുണയോടെ ഉക്രെയ്ന്‍ പ്രത്യാക്രമണം കടുപ്പിക്കുകയും റഷ്യയില്‍ കടന്നു കയറി തന്റെ വിശ്വസ്തരായ സേനാ മേധാവികളെ വരെ വധിക്കുകയും ചെയ്തത് പുടിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടിന് ഇടയാക്കിയിരുന്നു.

ശക്തമായി തിരിച്ചടിക്കും എന്ന് പുടിന്‍ ഭീഷണി മുഴക്കിയെങ്കിലും ഉക്രെയ്‌നെതിരെ കാര്യമായ സൈനിക നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല. അതിനിടെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണന്ന പ്രഖ്യാപനം പുടിന്‍ നടത്തിയത് എന്നതും ശ്രദ്ധേയം.

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് പുടിനുമായി ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

എന്നാല്‍ ട്രംപുമായി നാല് വര്‍ഷത്തോളമായി സംസാരിച്ചിട്ടെന്ന പുടിന്റെ വെളിപ്പെടുത്തല്‍ ഇത് തള്ളിക്കളയുന്നതാണ്. എന്തായാലും യുദ്ധത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന പുടിന്റെ പ്രഖ്യാപനം ലോകത്തെ സംബന്ധിച്ചടുത്തോളം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ട്രംപുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് യുദ്ധം അവസാനിക്കുന്നതെങ്കില്‍ അത് ട്രംപിനും രാഷ്ട്രീയമായി വലിയ നേട്ടമാകുകയും ചെയ്യും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.