വത്തിക്കാൻ സിറ്റി : ഫ്രഞ്ച് വിപ്ലവ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഫ്രാൻസിലെ കോംപിഗ്നെയിലെ രക്തസാക്ഷികളെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1794 ജൂലൈ 17 ന് കോംപിഗ്നെയിൽ രക്തസാക്ഷിത്വം വരിച്ച 16 കർമലീത്ത സന്യാസിനിമാരെയാണ് ഇക്വലെന്റ് കാനനൈസേഷൻ എന്ന അപൂർവ നടപടി ക്രമത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കൂടാതെ രണ്ട് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനും മൂന്ന് പേരെ ദൈവദാസരായി പ്രഖ്യാപിക്കുന്നതിനും മാർപാപ്പ അംഗീകാരം നൽകി.
ഇതോടെ വിശുദ്ധ അഗസ്തീനോസിന്റെ മദർ തെരേസയും 15 കൂട്ടാളികളും കത്തോലിക്കാ സഭയിൽ വിശുദ്ധരായി ആദരിക്കപ്പെടും. മരണമടഞ്ഞ കർമലീത്താ രക്തസാക്ഷികളോട് നിലനിന്നിരുന്ന ഭക്തിക്കുള്ള അംഗീകാരം കൂടെയാണ് വത്തിക്കാൻ പ്രഖ്യാപിച്ച ഈക്വലന്റ് കാനോനൈസേഷൻ.
വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഔപചാരിക പ്രക്രിയയെയും ചടങ്ങിനെയും ഒഴിവാക്കി പേപ്പൽ തിരുവെഴുത്തിന്റെ പ്രസിദ്ധീകരണത്തിലൂടെയാണ് ‘ഈക്വിവലന്റ് കാനോനൈസേഷൻ നടത്തുന്നത്. വത്തിക്കാനിലെ ചരിത്ര വിഭാഗം നടത്തിയ പഠനത്തിന് ശേഷം വിശുദ്ധരുടെ നാമകരണന ടപടികൾക്കായുള്ള ഡികാസ്റ്ററി ഇവരുടെ മരണത്തിന് മുമ്പും ശേഷവും സംഭവിച്ച അത്ഭുതങ്ങളും ഈക്വിവലന്റ് കാനോനൈസേഷൻ അംഗീകരിക്കുന്നതിനായി പരിഗണിച്ചിരുന്നു.
1789 ൽ ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മാക്സിമിലിയൻ റോബെസ്പിയർ പ്രോത്സാഹിപ്പിച്ച പൊതു വധശിക്ഷകളും ശിരച്ഛേദവും പതിവായിരുന്നു. 1792 ൽ മതപരമായ വസ്ത്രധാരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു.
മതപരമായ പീഡനത്തെ തുടർന്ന് പിരിച്ചുവിട്ട കർമലീത്ത സന്യാസിനിമാർ കോംപിഗ്നെയിലെ കോൺവെന്റ് വിട്ടുപോകാൻ നിർബന്ധിതരായി. ഒടുവിൽ അവരെ പിടികൂടി പാരീസിലേക്ക് അയച്ചു. പിന്നീട് അവരെ ജനങ്ങളുടെ ശത്രുക്കൾ എന്ന് പ്രഖ്യാപിക്കുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. 1794 ജൂലൈ 17 ന് ദൈവത്തെ പാടി സ്തുതിച്ച് കൊണ്ടിരുന്നപ്പോൾ അവരെ ശിരച്ഛേദം ചെയ്തു. 1906 മേയ് 13 ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ ഈ കർമലീത്താ സന്യാസിനിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.