ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ച് കയറി രണ്ട് മരണം, 68 പേർക്ക് പരിക്ക്; ഭീകരാക്രമണം സംശയിക്കുന്നതായി പൊലീസ്

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ച് കയറി രണ്ട് മരണം, 68 പേർക്ക് പരിക്ക്; ഭീകരാക്രമണം സംശയിക്കുന്നതായി പൊലീസ്

ബെർലിൻ: ജർമനിയിൽ ബെർലിനിൽ നിന്നും 130 കിലോമീറ്റർ‌ അകലെയുള്ള കിഴക്കൻ മഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. 68 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ വാഹനമോടിച്ച സൗദി സ്വദേശിയെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു.

50 വയസുകാരനായ ഇയാൾ ഡോക്ടർ ആണെന്നും വർഷങ്ങൾക്ക് മുൻപ് ജർമനിയിൽ സ്ഥിരതാമസമാക്കിയ ആളാണെന്നും പൊലീസ് പറയുന്നു. ഭീകരാക്രമണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടാകുന്നത്.

കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആണ് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറിയത്. മാർക്കറ്റിനുള്ളിലേക്ക് ഇരച്ചെത്തിയ കാർ ആളുകളെ ഇടിച്ചിട്ട ശേഷം നാനൂറ് മീറ്ററോളം മുന്നോട്ട് പോയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഫയർ സർവീസ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയുമായിരുന്നു.

ക്രിസ്മസ് അടുത്തതിനാൽ മാർക്കറ്റിനുള്ളിലും വലിയ തിരക്ക് ഉണ്ടായിരുന്നു. അപകടമുണ്ടാക്കിയ വാഹനം സൗദി പൗരൻ വാടകയ്‌ക്ക് എടുത്തതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ക്രിസ്മസ് മാർക്കറ്റുകളിലേക്ക് പോകുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ഈ സന്ദേശം നൽകുന്നതെന്നും മറ്റ് തരത്തിലുള്ള ഭീഷണികൾ ഇല്ലെന്നുമാണ് ഇവർ പറഞ്ഞത്.

മഗ്‌ഡെബർഗിൽ നിന്നും പുറത്തു വന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

2016ലുണ്ടായ ഭീകരാക്രമണത്തിന്റെ എട്ടാം വാർഷികത്തിലാണ് ജർമനിയെ നടുക്കി ഈ അപകടമുണ്ടായത്. 2016 ഡിസംബർ 19ന് ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.