ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ; വിക്ഷേപണം ഡിസംബർ 30ന്

ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ; വിക്ഷേപണം ഡിസംബർ 30ന്

ന്യൂഡൽഹി : ബഹിരാകാശരം​ഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ഐ.എസ്.ആർ.ഒ. ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാ​ഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുന്നത്. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 (poem-4) ആണ് ദൗത്യം. ഡിസംബർ 30നാണ് വിക്ഷേപണം നടക്കുന്നത്.

വിത്ത് മുളപ്പിക്കുന്നത് കൂടാതെ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ 4 ൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ​ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനം പരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഉപ​ഗ്ര​​ഹങ്ങളാണ് പിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കുന്നത്. ചേസർ, ടാർ​ഗറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഓരോന്നിനും 220 കിലോ​ഗ്രാം ഭാരമുണ്ടായിരിക്കും.

എട്ട് പയർ വിത്തുകൾ മുളപ്പിക്കാനാണ് പദ്ധതിയിടുന്നത്. രണ്ട് ഇലകൾ വരുന്നത് വരെയുള്ള സസ്യത്തിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിക്കും. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 ദൗത്യത്തിൽ 24 പരീക്ഷണങ്ങളാണ് ഉള്ളത്. ഇതിൽ 14 എണ്ണം ഐ.എസ്.ആർ.ഒയുടെ വിവിധ ലാബുകളിലും പത്തെണ്ണം സ്വകാര്യ യൂണിവേഴ്സിറ്റികളിലുമാണ് നടക്കുന്നത്.

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്ട് റിസർച്ച് മൊഡ്യൂളിന്റെ ഭാ​ഗമായാണ് പരീക്ഷണം നടക്കുക. ഈ വിക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്നും ആ​ഗോള ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ അഭിമാനം ഉയരുമെന്നും ഐ.എസ്.ആർ.ഒ ഉദ്യോ​ഗസ്ഥൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.