ദക്ഷിണ കൊറിയയിൽ ഭരണ പ്രതിസന്ധി ; പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു

ദക്ഷിണ കൊറിയയിൽ ഭരണ പ്രതിസന്ധി ; പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു

സോൾ: രാജ്യത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയാസ്ഥിരതയും ഭരണഘടനാ പ്രതിസന്ധിയും മൂർച്ഛിപ്പിച്ച് കൊണ്ട് ദക്ഷിണ കൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.

മുൻ പ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാള നിയമം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ദക്ഷിണ കൊറിയൻ രാഷ്‌ട്രീയം കലങ്ങി മറിഞ്ഞത് . മുൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലിമെന്റ് ഇംപീച്ച്‌ ചെയ്തിരുന്നു. യോളിന്റെ ഇംപീച്ച്‌മെന്റ് ശരിവെക്കണോയെന്ന കാര്യം ഭരണഘടനാ കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്.

ഹാൻ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റ് പാസാക്കിയെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഭരണഘടനാ കോടതിയാണ്. സൂയെ ഇംപീച്ച് ചെയ്തതിന് പിന്നാലെ, ദക്ഷിണ കൊറിയൻ നിയമ പ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.

ഭരണഘടനാ കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്ന് ജസ്റ്റിസുമാരെ അടിയന്തരമായി നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി സൂവിനെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 300 അംഗ നാഷണൽ അസംബ്ലിയിൽ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷമുള്ളത്. 192 പേർ പ്രമേയത്തെ അനുകൂലിച്ചു.

ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെയാണ് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഭരണ കക്ഷിയായ പീപ്പിൾസ് പവർ പാർട്ടി (പി.പി.പി.) അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഡിസംബർ 14-ന് മുൻ പ്രസിഡന്റ് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെയാണ് പ്രധാനമന്ത്രിയായ ഹാൻ ഡക്ക് സൂ ആക്ടിങ് പ്രസിഡന്റായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.