നിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണയില്‍ ഇടപെടല്‍ നടത്താന്‍ തയാറെന്ന് ഇറാന്‍; പുതിയ പ്രതീക്ഷ

നിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണയില്‍ ഇടപെടല്‍ നടത്താന്‍ തയാറെന്ന് ഇറാന്‍; പുതിയ പ്രതീക്ഷ

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാനുഷിക പരിഗണയില്‍ ഇടപെടല്‍ നടത്താന്‍ തയാറെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്.

യെമനുമായി നല്ല നയതന്ത്ര ബന്ധമുള്ള ഇറാന്റെ ഇടപെടലില്‍ വലിയ പ്രതീക്ഷയാണ് നിമിഷപ്രിയ നിയമസഹായ വേദിക്കുള്ളത്. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് യെമന്‍. ഇത് നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ പല ഘട്ടങ്ങളിലും പ്രതികൂലമായി ബാധിച്ചിരുന്നു.

യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷ പ്രിയയ്‌ക്കെതിരായ കേസ്. ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ പ്രസിഡന്റ അനുമതി നല്‍കിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ വാര്‍ത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയവും രംഗത്തെത്തിയിരുന്നു.

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കേസില്‍ മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായും അദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ ഭരണകൂടം ഒരുങ്ങുന്നത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജല സംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മെഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തി വയ്ക്കാന്‍ സഹായിച്ച നഴ്സ് ഹാനാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.