ചൈനയില്‍ പുതിയ വൈറസ് വ്യാപനം; ആശുപത്രികളില്‍ തിക്കും തിരക്കും: ആശങ്കയോടെ ലോകം

ചൈനയില്‍ പുതിയ വൈറസ് വ്യാപനം; ആശുപത്രികളില്‍ തിക്കും തിരക്കും: ആശങ്കയോടെ ലോകം

ബെയ്ജിങ്: ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നിരവധി മരണങ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്.

കോവിഡ് വ്യാപനം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴാണ് ഈ പുതിയ വൈറസ് എത്തിയിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്, കോവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്സ് ഹാന്‍ഡിലുകളില്‍ പോസ്റ്റ് വന്നിട്ടുണ്ട്. തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പതിനാല് വയസിന് താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച്എംപിവി.

ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതിരോധശേഷി കുറഞ്ഞവരുമാണ് അപകട സാധ്യതാ വിഭാഗത്തിലുള്ളത്. 2001 ലാണ് ന്യുമോവിരിഡേ ഗണത്തില്‍പ്പെട്ട എച്ച്എംപിവി ആദ്യമായി സ്ഥിരീകരിച്ചത്. നിലവില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.