ഇസ്ലാമിക് സ്റ്റേറ്റിനെ അമേരിക്ക വിടാതെ പിന്തുടരും, വെറുതെ വിടില്ല; ന്യൂഓര്‍ലിയന്‍സിലെ ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി ജോ ബൈഡന്‍

ഇസ്ലാമിക് സ്റ്റേറ്റിനെ അമേരിക്ക വിടാതെ പിന്തുടരും, വെറുതെ വിടില്ല; ന്യൂഓര്‍ലിയന്‍സിലെ ഭീകരാക്രമണത്തില്‍ മുന്നറിയിപ്പുമായി ജോ ബൈഡന്‍

വാഷിങ്ടണ്‍ ഡിസി: ന്യൂഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയും മുന്‍ സൈനികനുമായ യുവാവ് നടത്തിയ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ അമേരിക്ക നിരന്തരം പിന്തുടരുമെന്നും അമേരിക്കയുടെ മണ്ണില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ന്യൂ ഓര്‍ലിയന്‍സ് ആക്രമണത്തില്‍ അക്രമി ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായും 35 പേര്‍ക്ക് പരിക്കേറ്റതായും ബൈഡന്‍ അറിയിച്ചു. ആക്രമണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി വിവരമില്ല. ഫ്രഞ്ച് ക്വാര്‍ട്ടറിലെ രണ്ടിടങ്ങളിലായി ഐസ് കൂളറുകളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച അതേവ്യക്തി തന്നെയാണ് ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ആക്രമണകാരിയെന്നും ബൈഡന്‍ അറിയിച്ചു.

ഐഎസിനുള്ള ശക്തമായ പിന്തുണ സൂചിപ്പിക്കുന്ന വീഡിയോകളാണ് ആക്രമണത്തിന് മുന്‍പ് പ്രതി പോസ്റ്റ് ചെയ്തിരുന്നത്. ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റും രഹസ്യാന്വേഷണ വിഭാഗവും സജീവമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

പുതുവര്‍ഷ ദിനം പുലര്‍ച്ചെ ന്യൂ ഓര്‍ലീന്‍സ് നഗരത്തിലാണ് ആക്രമണം നടന്നത്. അമിതവേഗത്തിലെത്തി ജനക്കൂട്ടത്തെ ഇടിച്ചുതെറിപ്പിച്ച അക്രമി വെടിവെപ്പും നടത്തിയിരുന്നു. വിമുക്തഭടനായ 42-കാരന്‍ ഷംസുദ്ദീന്‍ ജബ്ബാറാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയാണെന്ന് എഫ്ബിഐ കണ്ടെത്തുകയും ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക വഹിച്ച ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി മണിക്കൂറുകള്‍ പിന്നിടും മുമ്പാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ സ്‌ഫോടനം നടന്നത്. രണ്ട് സംഭവവും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് എഫ്ബിഐ ഇപ്പോള്‍ അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.