പെര്‍ത്തില്‍ വാഹനാപകടത്തില്‍ മരിച്ച ആഷില്‍ റോയലിന്റെ സംസ്‌കാരം ജനുവരി എട്ടിന്

പെര്‍ത്തില്‍ വാഹനാപകടത്തില്‍ മരിച്ച ആഷില്‍ റോയലിന്റെ സംസ്‌കാരം ജനുവരി എട്ടിന്

പെര്‍ത്ത്: പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവ് ആഷില്‍ റോയലിന്റെ സംസ്‌കാരം ജനുവരി എട്ടിന് നടക്കും. പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയില്‍ എട്ടിന് രാവിലെ 10.30 മുതല്‍ 11 വരെ പൊതുദര്‍ശനം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും സംസ്‌കാര ശുശ്രൂഷകളും നടക്കും. 2.15-ന് പാല്‍മിറയിലെ ഫ്രീമാന്റില്‍ സെമിത്തേരിയില്‍ മൃതദേഹം എത്തിച്ച് ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കരിക്കും.

പെര്‍ത്തിലെ മലയാളികള്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയതാണ് ആഷിലിന്റെ (24) ആകസ്മിക മരണം. പെര്‍ത്തിലെ കാനിങ് വെയിലില്‍ താമസിക്കുന്ന റോയല്‍ തോമസ്-ഷീബ ദമ്പതികളുടെ മകനാണ് ആഷില്‍.

കഴിഞ്ഞ 22ന് ക്രിസ്തുമസിന് രണ്ട് ദിവസം മുന്‍പാണ് അപകടമുണ്ടായത്. പെര്‍ത്ത് സമയം രാത്രി 11.15നായിരുന്നു അപകടം. കാനിങ്ങ് വെയില്‍ നിക്കോള്‍സണ്‍ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആഷില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. യുവാവിന്റെ വീടിനു സമീപമാണ് അപകടമുണ്ടായ സ്ഥലം. ആഷിലിനെയും കാര്‍ ഡ്രൈവറെയും റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ മാധ്യമമായ 'വെസ്റ്റ് ഓസ്ട്രേലിയന്‍' റിപ്പോര്‍ട്ട് ചെയ്തു.

പാലാ തീക്കോയില്‍ പനക്കക്കുഴി കുടുംബാംഗമാണ് ആഷിലിന്റെ പിതാവ് റോയല്‍. പെര്‍ത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളാണ് റോയല്‍. ഐന്‍സ് റോയല്‍ ഏക സഹോദരനാണ്. ആഷിലിന്റെ മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തില്‍ എത്തിയപ്പോഴാണ് ദുരന്ത വാര്‍ത്ത തേടിയെത്തിയത്.

ഏതാനും വര്‍ഷം മുമ്പായിരുന്നു ആഷില്‍ പെര്‍ത്തിലെ ഫ്ളൈയിങ് ക്ലബില്‍ പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസന്‍സ് കിട്ടിയ ശേഷം കുടുംബത്തെ ഉള്‍പ്പെടെ വിമാനത്തില്‍ കയറ്റി ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു.

അയര്‍ലന്‍ഡില്‍ ഡബ്ലിനിലായിരുന്നു റോയല്‍ തോമസും കുടുംബവും ആദ്യമുണ്ടായിരുന്നത്. അയര്‍ലന്‍ഡിലെ 10 വര്‍ഷത്തോളം നീണ്ട ജീവിതത്തിനു ശേഷം 12 വര്‍ഷം മുമ്പാണിവര്‍ ഓസ്ട്രേലിയയില്‍ കുടിയേറിയത്. ഓസ്ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ് ആഷിലിന്റെ കുടുംബം.

അയര്‍ലന്‍ഡ്, ഓസ്ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതമായ കുടുംബം ആയിരുന്നു റോയല്‍ തോമസിന്റേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.