ന്യൂഡല്‍ഹി: 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഡിജിറ്റല്‍ പേര്‍സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് രൂപം പുറത്ത്. വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ഇളവ് നല്‍കും. രക്ഷിതാവിന്റെ പ്രായം സര്‍ക്കാര്‍ രേഖകള്‍ വഴിയോ ഡിജിലോക്കര്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ.
നിലവില്‍ സോഷ്യല്‍ മീഡയിയില്‍ 13 വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. എന്നാല്‍ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ കുട്ടികള്‍ക്ക് സ്വന്തമായി ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങാനാകില്ല. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ക്കാണ് നിയമത്തിന്റെ കരട് ഊന്നല്‍ നല്‍കുന്നത്. കുട്ടികള്‍ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാവ് കുട്ടിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അധികാരികളെ നിയമിച്ച് നടപടി കൈക്കൊള്ളുമെന്ന് കരട് രേഖയില്‍ പറയുന്നു.
എന്നാല്‍ ഇത് ലംഘിച്ച് കുട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് കരട് നിയമത്തില്‍ പറയുന്നില്ല. വിവരസുരക്ഷാ നിയമം 2023 ഓഗസ്റ്റില്‍ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. MyGov.in എന്ന വെബ്സൈറ്റിലൂടെ പൊതു ജനങ്ങള്‍ക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.