ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അതിശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങളിലും പതിറ്റാണ്ടിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്നാണ് പ്രവചനം. നിലവില്‍ കനത്ത മഞ്ഞുവീഴ്ചയും ശൈത്യവും ആണ് വിവിധ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്നത്. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുള്ളത്.
അടുത്ത ആഴ്ചയുടെ നിലവിലെ തണുപ്പിലും മഞ്ഞു വീഴ്ചയിലും വര്‍ധന ഉണ്ടാകുമെന്നാണ് പ്രവചനം. പോളാര്‍ വോര്‍ട്ടെക്സ് എന്ന ധ്രുവ ചുഴലിയാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തണുത്തുറഞ്ഞ ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ശക്തമായ കൊടുങ്കാറ്റ് യുഎസിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് വീശിയേക്കുമെന്നാണ് പ്രവചനം.
അടുത്ത ആഴ്ചയോടെ മഞ്ഞുവീഴ്ചയും തണുപ്പും തീവ്രമാകും. പിന്നീട് തെക്കന്‍ മേഖലയിലേക്ക് ചുഴലി നീങ്ങും. തണുപ്പ് കനക്കുന്ന പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
കെന്റക്കി, വിര്‍ജീനിയ, കന്‍സാസ്, അര്‍ക്കന്‍സാസ്, മിസോറി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ മിസിസിപ്പി, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കഠിനമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമിയുടെ ധ്രുവങ്ങളില്‍ ഉണ്ടാകുന്ന പ്രതിഭാസം ആണ് ധ്രുവ ചുഴലി. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ആര്‍ട്ടിക്, അന്റാര്‍ട്ടിക് ധ്രുവങ്ങളിലെ വായു ശക്തിപ്പെടും. ഇതാണ് ധ്രുവ ചുഴലി. വേനല്‍ കാലങ്ങളില്‍ ഇവിടുത്തെ വായുവിന് ശക്തി കുറവ് ആയിരിക്കും. ശൈത്യകാലത്ത് ഇത് ശക്തിപ്രാപിക്കുന്നതോടെ കഠിനമായ തണുത്ത കാലാവസ്ഥ സൃഷ്ടിക്കും.
റോഡുകളിലെ അവസ്ഥ ഇതിനകം തന്നെ മോശമായിട്ടുണ്ട്, മോശം കാലാവസ്ഥയില്‍ വാഹനങ്ങള്‍ അപകടങ്ങളില്‍പെടാന്‍ ഉയര്‍ന്ന സാധ്യതയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.
ഇത്തവണത്തെ മഞ്ഞുവീഴ്ച ഭയാനകമായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകന്‍ റയാന്‍ മൗ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത്ര താഴ്ന്ന താപനില ഉണ്ടായിരുന്നില്ല. സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാകും ഇത്തവണ രാജ്യത്ത് ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍. ഒരു മാസത്തോളം ശൈത്യം നീണ്ടു നില്‍ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.