ഉരുകുന്ന ഓര്‍മകള്‍ ബാക്കി; നാഗസാക്കി ദുരന്തത്തെ അതിജീവിച്ച് സമാധാനത്തിന്റെ വക്താവായി മാറിയ ഷിഗേമി ഫുകഹോരി അന്തരിച്ചു

ഉരുകുന്ന ഓര്‍മകള്‍ ബാക്കി; നാഗസാക്കി ദുരന്തത്തെ അതിജീവിച്ച് സമാധാനത്തിന്റെ വക്താവായി മാറിയ ഷിഗേമി ഫുകഹോരി അന്തരിച്ചു

ടോക്കിയോ: ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്കയുടെ അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ച ഷിഗേമി ഫുകഹോരി അന്തരിച്ചു. 93 വയസായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷത്തിലും ലോകത്തിന് പ്രചോദനമാകുകയും ശാന്തിയുടെ സന്ദേശം പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്ന ആളാണ് ഷിഗേമി ഫുകഹോരി. ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും നഗരത്തെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്ത 1945 ലെ അണുബോംബ് ആക്രമണത്തില്‍ നിന്നുള്ള ഫുകഹോരിയുടെ അതിജീവനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.

നാഗസാക്കിയിലെ ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് ഉറാകാമി കത്തോലിക്കാ പള്ളി അധികൃതര്‍ അറിയിച്ചു. ഇന്ന് ഉറാകാമി പള്ളിയില്‍ സംസ്‌കാരം നടക്കും. നാഗസാക്കി പീസ് പാര്‍ക്കിനു സമീപമുള്ള ഉറാകാമി പള്ളി അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ചിരുന്നു. ഗ്രൗണ്ട് സീറോയില്‍നിന്ന് കേവലം അഞ്ഞൂറു മീറ്റര്‍ മാത്രം അകലെയുള്ള പള്ളിയുടെ മണിമാളികയും തിരുരൂപങ്ങളും ബോംബാക്രമണത്തെ അതിജീവിച്ചു.

1945 ഓഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയില്‍ അമേരിക്ക അണുബോംബ് വര്‍ഷിക്കവേ ഫുകഹോരിക്ക് 14 വയസായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം ആയിരക്കണക്കിനു പേര്‍ക്കാണ് അന്ന് ജീവഹാനിയുണ്ടായത്. സമാധാനത്തിന്റെ സന്ദേശവാഹകനായി മാറിയ ഫുകഹോരി ആണവായുധങ്ങള്‍ക്കെതിരേ ലോകം മുഴുവന്‍ പ്രചാരണം നടത്തി.

അമേരിക്ക ബോംബ് വര്‍ഷിച്ച സമയം, മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഷിപ്യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ഫുകഹോരി. മഹാദുരന്തത്തെക്കുറിച്ച് വര്‍ഷങ്ങളോളം സംസാരിക്കാന്‍പോലും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

2019ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നാഗസാക്കിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പൂച്ചെണ്ടുമായി സ്വീകരിക്കാന്‍ ഫുകഹോരി എത്തിയിരുന്നു. സമാധാനത്തിന്റെ വക്താക്കളായി അദ്ദേഹം കണ്ടിരുന്നത് വിദ്യാര്‍ഥികളെയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.