വത്തിക്കാന്‍ സിറ്റി: മറ്റൊന്നിനും കീഴടക്കാന്‍ കഴിയാത്തവിധം അത്രമേല്‍ ശക്തമാണ് ദൈവത്തിന് നമ്മോടുള്ള സ്‌നേഹമെന്ന് ഫ്രാന്‍സിസ് പാപ്പ. തടസങ്ങളും തിരസ്‌കരണങ്ങളും നേരിടേണ്ടിവന്നാലും, ദൈവസ്‌നേഹം നമ്മുടെ വഴികളെ പ്രകാശപൂരിതമാക്കുന്നത് അനുസ്യൂതം തുടരുമെന്ന് മാര്‍പാപ്പ പറഞ്ഞു.
ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ഇരുണ്ട രാത്രികളില്‍പോലും വെളിച്ചത്തിന്റെ ജാലകങ്ങള്‍ തുറന്ന് പ്രകാശം ചൊരിയുന്നവനാണ് ദൈവം. എല്ലാവരിലേക്കും എത്തിച്ചേരാനായി അവിടുന്ന് എപ്പോഴും പുതിയ പാതകള്‍ കണ്ടെത്തുന്നു. ക്രിസ്മസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇതാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
യേശുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവം മതിലുകളും വേര്‍തിരിവുകളും കീഴടക്കി. അടഞ്ഞ ഹൃദയങ്ങളെയും മനസുകളെയും അവിടുന്ന് നേരിട്ടു. മറിയത്തിന്റെയും ജോസഫിന്റെയും ബുദ്ധിമുട്ടുകള്‍ നിറഞ്ഞ, എളിയ ജീവിതത്തില്‍ അവിടുന്ന് പങ്കുചേര്‍ന്നു - പാപ്പാ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ അരികില്‍ എത്തുന്നതില്‍നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല
ലോകത്തില്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നവരായ നാമോരോരുത്തരുടെയും അരികിലെത്താന്‍ അവിടുന്ന് അനേകം വഴികള്‍ കണ്ടെത്തുന്നു. ഏറ്റവും ഇരുണ്ട രാത്രികളില്‍ പോലും പ്രകാശത്തിന്റെ ജാലകങ്ങള്‍ തുറന്ന് അവിടുന്ന് ഇരുട്ടിനെ ഇല്ലായ്മ ചെയ്യുന്നു.
ഒരിക്കലും രക്ഷപ്പെടാനാവില്ല എന്നു തോന്നുന്ന സാഹചര്യങ്ങളാണ് മനുഷ്യര്‍ ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ലോകം വെളിച്ചത്തിനും പ്രത്യാശയ്ക്കും സമാധാനത്തിനുമായി അത്യധികം ആഗ്രഹിക്കുന്നു. ദൈവത്തെ അനുകരിച്ച്, കണ്ടുമുട്ടുന്നവരിലും നാം ആയിരിക്കുന്ന സാഹചര്യങ്ങളിലും പ്രത്യാശയുടെ കിരണങ്ങള്‍ പരത്തുന്നവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് - മാര്‍പാപ്പ പറഞ്ഞു.
ആദ്യ ചുവടുവയ്ക്കുക
കര്‍ത്താവ് ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് ആദ്യ ചുവടുവയ്ക്കാന്‍ നാം ഭയപ്പെടരുത് എന്നാണ്. ഇതിന് ധൈര്യം ആവശ്യമാണ്. ക്ഷമയുടെയും ദയയുടെയും അനുരഞ്ജനത്തിന്റെയും കഷ്ടപ്പെടുന്നവരോടുള്ള സാമീപ്യത്തിന്റെയും പ്രകാശം പരത്തുന്ന ജാലകങ്ങള്‍ തുറക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവരുടെയും യാത്രയെ വ്യക്തവും സുരക്ഷിതവും സുസാധ്യവുമാക്കാന്‍ അത് ഇടവരുത്തും.
പ്രകാശം പരത്തുന്ന ജാലകം
ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും എന്റെ ബന്ധങ്ങളിലും പ്രകാശം പരത്തുന്ന ജാലകം തുറക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും? എവിടെയെല്ലാമാണ് ദൈവ സ്‌നേഹത്തിന്റെ ചാലകമായി പ്രവര്‍ത്തിച്ച് പ്രത്യാശയുടെ കിരണമായി ഞാന്‍ മാറേണ്ടത്? ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിവ എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
'യേശുവിലേക്ക് നമ്മെ നയിക്കുന്ന നക്ഷത്രമായ മറിയം, പിതാവായ ദൈവത്തിനു നമ്മോടുള്ള സ്‌നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷികളാകാന്‍ നാമേവരെയും സഹായിക്കട്ടെ' - ഈ പ്രാര്‍ത്ഥനയോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.