മാറ്റങ്ങള്‍ ജനദ്രോഹപരം; വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോ മലബാര്‍ സഭാ സിനഡ്

മാറ്റങ്ങള്‍ ജനദ്രോഹപരം; വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോ മലബാര്‍ സഭാ സിനഡ്

കൊച്ചി: നിര്‍ദിഷ്ട വനം നിയമ ഭേദഗതി ബില്‍ സംബന്ധിച്ച് ലക്ഷക്കണക്കിന് കര്‍ഷകരുടെ ആശങ്ക ദൂരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ സഭാ സിനഡ്.

1961 ല്‍ പ്രാബല്യത്തില്‍ വരികയും പലപ്പോഴായി പരിഷ്‌കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്‌കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിന്മേല്‍ സിനഡില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യമുയര്‍ന്നത്.

ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവുമായ ചില മാറ്റങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അര്‍ഹിക്കുന്നു. ജനപക്ഷത്തു നിന്നുള്ള പരിഷ്‌കരണങ്ങള്‍ക്ക് പകരം കൂടുതല്‍ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലില്‍ കാണുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി.

വന്യജീവി ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കപ്പെടേണ്ടത്. കേരളത്തില്‍ വന വിസ്തൃതി വര്‍ധിച്ചു വരുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ പുതിയ ഭേദഗതി കര്‍ഷകരെയും ഗ്രാമീണരെയും അന്യായമായ തടങ്കലിലേക്കും നിയമ വ്യവഹാരങ്ങളിലേക്കും തള്ളിവിടുമെന്ന ഭയപ്പാട് അനേകം പേര്‍ പങ്കു വെക്കുന്നുണ്ട്.

മലയോര മേഖലകളിലുള്ളവരെയും വനാതിര്‍ത്തികളില്‍ കഴിയുന്നവരെയും കാട്ടു മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം ജനങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്തുന്നതാണ് ഈ നിയമങ്ങളെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സഭാ സിനഡ് ആവശ്യപ്പെട്ടു.

വനം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ വന നിയമങ്ങളും വന്യമൃഗങ്ങളും ജന ജീവിതത്തിന് വെല്ലുവിളികളാകുന്ന ഈ കാലഘട്ടത്തില്‍ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള പരിഷ്‌ക്കരണമാണ് ആവശ്യം.

വിവിധ പിഴ തുകകള്‍ അഞ്ചിരട്ടി വരെയായി വര്‍ധിപ്പിച്ചതും വന പ്രദേശങ്ങളിലെ മത്സ്യബന്ധനം കുറ്റകരമാക്കിയതും വന വിഭവങ്ങളുടെ ഉപയോഗം കൂടുതല്‍ പരിമിതപ്പെടുത്തിയതും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഥവാ ഫോറസ്റ്റ് ഗാര്‍ഡിന് ഡോക്യുമെന്റുകള്‍ പിടിച്ചെടുക്കാനും വാഹനം തടഞ്ഞു വയ്ക്കാനും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങള്‍ നല്‍കിയതും വലിയ ആശങ്കയുളവാക്കുന്നതാണ്.

ഇക്കാരണങ്ങളാല്‍ തന്നെ വനപാലകര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളും അവ ദുരുപയോഗിക്കാനുള്ള കൂടുതല്‍ സാധ്യതകളും നല്‍കുന്ന ഈ നിയമ പരിഷ്‌കരണം പ്രതിഷേധാര്‍ഹവും പിന്‍വലിക്കപ്പെടേണ്ടതുമാണെന്ന് സിനഡ് വിലയിരുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.