മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ അദേഹം പാടിയിട്ടുണ്ട്. 'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം' എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തി തീര്‍ത്തു. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദമുണ്ടായിരുന്നു. മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകള്‍.

മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കരം എന്ന വലിയ അംഗീകാരവും അദേഹത്തെ തേടിയെത്തി.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗ വിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ സ്നേഹത്തോടെ വിശേഷിപ്പിച്ചതാണ് ഭാവഗായകന്‍ എന്ന്.

ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന്‍ വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്‍ തുടിച്ചു.

ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിന്‍ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന്‍ ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്ത് വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.