ദുബായ് : ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന യാത്ര സംവിധാനം കഴിഞ്ഞദിവസം ദുബായ് എയർപോർട്ടിൽ നിലവിൽ വന്നു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക് അധിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.
പാസ്പോർട്ട് മാത്രമല്ല ബോഡിംഗ് പാസ്സ് വരെ ഈ നടപടിക്ക് ആവിശ്യമില്ല. എന്നാൽ മുഖം തിരിച്ചറിയിക്കുവാനുള്ള സേഫ്റ്റ്വെയർ അതാത് സമയത്ത് വേണ്ടത് ചെയ്യും. പാസ്പ്പോർട്ടിന് പകരം മുഖം കാണിച്ചു വിമാനയാത്ര ചെയ്യുവാൻ കഴിയും. അഞ്ചുമുതൽ ഒൻപത് വരെയുള്ള സെക്കൻഡുകൾക്കുള്ളിലാണ് ഈ യാത്ര നടപടി സാധ്യമാകുന്നത്. ഇതിന്റെ ഔദ്യോഗിക -ഉദ്ഘാടനം ജിഡിആർഎഫ്എ ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി നിർവഹിച്ചു.
ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമാന ഇരട്ടകളെ പോലും വേർതിരിച്ചറിയുവാൻ കഴിയുന്ന അത്യാധുനിക സേഫ്റ്റ്വെയറുകളിലൂടെയാണ് ഈ നടപടി സാധ്യമാക്കുന്നത്. വിമാന ടിക്കറ്റ് ചെക്കിംഗ് പവലിയനിൽ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഈ നടപടിയുടെ ആദ്യ ഘട്ടം. തുടർന്ന് എമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും കണ്ണും യാത്രക്കാരന്റെതാണന്ന് സിസ്റ്റം ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നോരോന്നായി തുറക്കപ്പെടും.
എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യത്തെ തവണ അവരുടെ പാസ്പോർട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും. മുഖവും കണ്ണുകളും സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. പിന്നീട് തുടർ യാത്രയ്ക്ക് ഈ രജിസ്ട്രേഷൻ ആവിശ്യമില്ല. ഈ യാത്രയ്ക്ക് പാസ്പോർട്ട് അവിശ്യമിലെങ്കിൽ തങ്ങളുടെ എല്ലാ യാത്രരേഖകളും എപ്പോളും യാത്രക്കാർ കയ്യിൽ കരുതണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
ആദ്യഘട്ടത്തിൽ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഗേറ്റിലൂടെയും, സ്മാർട്ട് ടണലിടെയും യാത്രകാർക്ക് കടന്ന് പോകാം. പുതിയ സംവിധാനം എയർപോർട്ടിൽ കൂടെയുള്ള യാത്രയുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് ദുബായ് ജിഡിആർഎഫ്എ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
എമിറേറ്റ്സുമായി സഹകരിച്ച് ദുബായ് വിമാനത്താവളങ്ങളിൽ ഈ പുതിയ സംരംഭങ്ങൾ ആരംഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സ്മാർട്ട് ടണൽ സുഗമമായി പ്രവർത്തിക്കുന്നു. ഇപ്പോൾ തടസ്സമില്ലാത്ത യാത്രയ്ക്കായി ബയോമെട്രിക് പാത ഏകോപിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭങ്ങളെല്ലാം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മകതുമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് നിലവിൽ വന്നിരിക്കുന്നത്. സംരംഭം ആത്യന്തികമായി വിമാനത്താവളത്തിലെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മേജർ ജനറൽ അൽ മർറി വ്യക്തമാക്കി.
കോവിഡ് യാത്ര നിയന്ത്രണങ്ങൾക്ക് ശേഷം എമിറേറ്റ് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്നപ്പോൾ വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് ജിഡിആർഎഫ്എയിലെ ബ്രിഗേഡിയർ തലാൽ അഹ്മദ് അൽ ഷാൻകിറ്റി പറഞ്ഞു. പരീക്ഷണ ഘട്ടത്തിന്റെ ഭാഗമായി മുൻപ് സ്ഥാപിച്ച ബയോമെട്രിക് സംവിധാനത്തിലുടെ പ്രതിദിനം മൂവായിരത്തോളം യാത്രക്കാരുണ്ട്. തടസമില്ലാത്ത യാത്രയ്ക്കായി സ്മാർട്ട് ഗേറ്റുകൾ പരിഷ്ക്കരിച്ചന്ന് അദ്ദേഹം വെളിപ്പെടുത്തി.
17 വയസിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുഖം സ്കാൻ ചെയ്യുന്നതിനായി സ്മാർട്ട് ഗേറ്റുകളിൽ എത്തുമ്പോൾ മാസ്കുകൾ നീക്കം ചെയ്യണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലെ പരീക്ഷണ ഘട്ടത്തിൽ ഒരു പിഴവുമില്ലാതെയാണ് സിസ്റ്റം പ്രതികരിച്ചതെന്ന് ബ്രിഗേഡിയർ തലാൽ അഹമ്മദ് അൽ ഷാൻകിറ്റി അറിയിച്ചു.
ദുബായ് രാജ്യാന്തര എയർപോർട്ടിലുടെ യാത്ര ചെയ്യുമ്പോൾ പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗപ്പെടുത്തിയാണ് മുമ്പ് ആളുകൾ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത്. കൂടാതെ യാത്രക്കാർക്ക് ബോർഡിംഗ് പാസും ആവശ്യമില്ലാത്തതിനാൽ അത്യാധുനിക സംവിധാനം പേപ്പറുകളുടെ ഉപയോഗം കുറയ്ക്കും. കോവിഡ് പശ്ചാത്തലത്തിൽ ബയോമെട്രിക് പാത സുരക്ഷിതമായ യാത്രാ നടപടിയാണ് പ്രാധാന്യം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.