തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കാണാതായവരെ മരിച്ചതായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും.
മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതിക്കാണ് മരിച്ചവരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ചുമതല.
കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് ഉരുള്‍പൊട്ടല്‍ അതീതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറഞ്ഞിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി അറിയിച്ചത്.
ഇക്കാര്യം പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിതീവ്ര ദുരന്തമായാല്‍ എസ്ഡിആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുകയെന്നും അത് കൈമാറിയെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള 23 എംപിമാര്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് വയനാടിന് ഉടന്‍ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉടനുണ്ടാകുമെന്ന മറുപടി ലഭിച്ചിരുന്നു. ആവശ്യം അടുത്ത ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കേരളം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.