പീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു; മരണം മൂന്നായി

പീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു; മരണം മൂന്നായി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ എറിന്റെ അന്ത്യം. പട്ടിക്കാട് ചാണോത്ത് സ്വദേശി ആന്‍ ഗ്രേസ് (16), പട്ടിക്കാട് ചുങ്കത്ത് വീട്ടില്‍ അലീന (16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്‌തെങ്കിലും ചികിത്സയില്‍ തുടരുയാണ്. നിമ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അപകടത്തില്‍പ്പെട്ട നാല് കുട്ടികളുംതൃശൂര്‍ സെന്റ് ക്ലയേഴ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

പീച്ചി ഡാമിന്റെ ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടമുണ്ടായത്. ചെരിഞ്ഞു നില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ട് പേര്‍ വീഴുകയും അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റ് രണ്ട് പേര്‍ കൂടി റിസര്‍വോയറിന്റെ ആഴമുള്ള ഭാഗത്തേക്ക് വീഴുകയുമായിരുന്നു.

നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പെട്ട മൂന്നുപേര്‍. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത്.

പുറത്തെടുത്ത സമയം മൂന്നുപേര്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു മൂവരും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.