തിരുവനന്തപുരം: ചെക്ക് പോസ്റ്റുകള്‍ കൈക്കൂലിയുടെ കേന്ദ്രങ്ങളായി മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ച് പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.
ജിഎസ്ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത്. കേരളത്തില്‍ ജിഎസ്ടി വകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവര്‍മാര്‍ രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16 ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകളില്‍ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്.
ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയചത്. ചെക്ക് പോസ്റ്റ് മാറ്റുന്നതിനായി ആന്റണി രാജു ഗതാഗതമന്ത്രിയായിരുമ്പോഴേ ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും ഉദ്യോഗസഥരുടെ ഭാഗത്തുള്ള എതിര്‍പ്പിന് തുടര്‍ന്ന് നടപ്പായില്ല.
എന്നാല്‍ വകുപ്പിന് തന്നെ നാണക്കേടായി കൈക്കൂലി തുടരുന്ന സാഹചര്യത്തിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റാനുള്ള തീരുമാനം. എല്ലാ ചെക് പോസ്റ്റുകളിലും എ.ഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകള്‍ വഴി എല്ലാ വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോര്‍ വാഹനവകുപ്പിനും ലഭിക്കത്തക്ക രീതിയില്‍ മൊഡ്യൂള്‍ ക്രമീകരിക്കും. പരിവാഹന്‍ വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാര്‍ശയാണ് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കുന്നത്.
വാഹന നമ്പറുകള്‍ അനുസരിച്ച് ഓണ്‍ ലൈന്‍ പരിശോധന നടത്തിയാല്‍ നികുതി അടച്ചിട്ടുണ്ടോ, ഇല്ലയോ എന്നറിയാന്‍ സാധിക്കും. നികുതി അടയ്ക്കാത്ത വാഹനകളെ വഴിയില്‍ തടഞ്ഞ് പരിശോധന നടത്താനും നികുതിയില്ലെങ്കില്‍ പിഴ വാങ്ങാനുമുള്ള രീതിയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.