വാഷിങ്ടൺ ഡിസി : ചൈനീസ് ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകിന് നിരോധനം ഏർപ്പെടുത്തി അമേരിക്ക. ശനിയാഴ്ച രാത്രിയോടെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിളിന്റെ പ്ലേസ്റ്റോറിലും നിന്ന് ടിക്ടോക് ആപ്പ് അപ്രത്യക്ഷമാവുകയും ചെയ്തു. ടിക് ടോക്കിന് അമേരിക്കയില്‍ നിരോധനം നിലവില്‍ വന്നതായുള്ള സന്ദേശമാണ് ശനിയാഴ്ച ആപ്പ് തുറന്നവര്‍ക്ക് ലഭിച്ചത്.
'ടിക്ടോകിന് യുഎസില്‍ നിരോധനം വന്നു. നിര്‍ഭാഗ്യവശാല്‍ ആപ്പ് ഇപ്പോള്‍ ഉപയോഗിക്കാനാവില്ല. സ്ഥാനമേറ്റയുടന്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട് എന്നുമാണ്' ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നത്.
ടിക്ടോക്കിന് പുറമെ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള കാപ്കട്ട്, ലെമണ്‍8 എന്നിവയും അമേരിക്കയില്‍ ശനിയാഴ്ച രാത്രിയോടെ ലഭ്യമല്ലാതായിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകളും ആപ്പ് സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.
ജനുവരി 19-നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യുഎസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ജോ ബൈഡൻ സർക്കാർ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് ടിക് ടോക് പ്രവർത്തനം നിർത്തിയത്.
ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് സുപ്രീം കോടതി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. 17 കോടി ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഹനിക്കുമെന്ന ടിക് ടോകിന്റെ വാദം സുപ്രീം കോടതി തള്ളുകയും ചെയ്തു. ഇതോടെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കേണ്ടിവരുമെന്ന് ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം ഡൊണള്‍ഡ് ട്രംപ് തിങ്കളാഴ്ച അധികാരത്തിലേറുന്നതോടെ ടിക്ടോകിന് 90 ദിവസത്തേക്ക് ആശ്വാസം ലഭിക്കാനിടയുണ്ട്. യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റാല്‍ നിരോധനം നടപ്പാക്കുന്നതിന് 90 ദിവസത്തെ ഇളവ് താന്‍ നല്‍കിയേക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.