ജറുസലേം: കഫിര്‍ ബിബാസ്... 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ അതിക്രമിച്ചു കയറി ബന്ദികളാക്കിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ്. അവന്റെ രണ്ടാം പിറന്നാളായിരുന്നു ഇന്നലെ.
എന്നാല്‍ അവന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. കഫിറിനൊപ്പം അവന്റെ നാല് വയസുകാരന്‍ ചേട്ടന്‍ ഏരിയലും മുപ്പത്തിരണ്ടുകാരി അമ്മ ഷിരിയും മുപ്പത്തിനാല് വയസുള്ള അച്ഛന്‍ യാദനും ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ ഉള്‍പ്പെട്ടിരുന്നു.
തങ്ങളുടെ തടവിലിരിക്കേ കുടുംബം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പറയുന്ന ബന്ദികളുടെ കൂട്ടത്തിലും ഇവരില്ല. തെക്കന്‍ ഇസ്രയേലിലെ നിര്‍ ഒസ് കിബുട്‌സ് സ്വദേശികളാണിവര്‍.
ഷിരി മക്കളായ കഫിറിനും ഏരിയലിനുമൊപ്പം.
ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമായതോടെ ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഇസ്രയേല്‍ തെരുവുകള്‍. അവര്‍ പാട്ടു പാടിയും നൃത്തം ചവിട്ടിയും തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
കെരെം ശാലോം അതിര്‍ത്തി, എറെസ്, റെയിം എന്നിവിടങ്ങളില്‍ ബന്ദികളെ കൈമാറുമെന്നാണ് മധ്യസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഈജിപ്ത്, ഖത്തര്‍ പ്രതിനിധികളും ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസും ചേര്‍ന്ന് ഇവരെ സ്വീകരിക്കും.
പിന്നീട് വൈദ്യ പരിശോധനയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയ ശേഷം ഇസ്രയേലിന് കൈമാറും. എങ്കിലും ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കാത്ത ബന്ദികളുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.