ഇറ്റാലിയൻ നാവികസേനയുടെ കപ്പൽ 'അമേരിഗോ വെസ്പൂച്ചി' ഇനി തീർത്ഥാടകർക്ക് പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്ന വിശുദ്ധ ഇടം

ഇറ്റാലിയൻ നാവികസേനയുടെ കപ്പൽ 'അമേരിഗോ വെസ്പൂച്ചി' ഇനി തീർത്ഥാടകർക്ക് പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്ന വിശുദ്ധ ഇടം

വത്തിക്കാൻ സിറ്റി: ഇറ്റാലിയൻ നാവികസേനയുടെ ചരിത്രപ്രാധാന്യമുള്ള കപ്പൽ 'അമേരിഗോ വെസ്പൂച്ചി' ജൂബിലി വർഷത്തിൽ ഒരു ദേവാലയമായും തീർത്ഥാടകർക്ക് പൂർണദണ്ഡ വിമോചനം പ്രാപിക്കാവുന്ന വിശുദ്ധ ഇടമായും പ്രഖ്യാപിക്കപ്പെട്ടു. ഇറ്റാലിയൻ മിലിട്ടറി ഓർഡിനാരിയേറ്റിൻ്റെ ചുമതല വഹിക്കുന്ന ആർച്ച് ബിഷപ്പ് സാന്തോ മാർസിയാനോയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ നാവിക പര്യവേക്ഷകൻ അമേരിഗോ വെസ്പൂച്ചിയുടെ പേരിലാണ് ഈ കപ്പൽ അറിയപ്പെടുന്നത്. പുതുതായി കണ്ടെത്തിയ ഭൂഖണ്ഡങ്ങൾക്ക് 'അമേരിക്ക' എന്ന പേര് നൽകിയത് ഇദേഹമാണ്. ഇറ്റാലിയൻ മിലിട്ടറിയിൽ സേവനമനുഷ്ഠിക്കുന്ന ചാപ്ലെയ്ൻമാരുടെയും അവർ സായുധസേനയ്ക്ക് നൽകുന്ന ആത്മീയ ശുശ്രൂഷകളുടെയും ഉത്തരവാദിത്വമാണ് 'ഇറ്റാലിയൻ മിലിട്ടറി ഓർഡിനാരിയേറ്റ് ' എന്നറിയപ്പെടുന്ന രൂപതാസംവിധാനം നിർവഹിക്കുന്നത്.

'അമേരിഗോ വെസ്പൂച്ചി'യുടെ ലോക പര്യടനം

1931-ൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്നു പാമരങ്ങളോടുകൂടിയ കപ്പലാണ് 'അമേരിഗോ വെസ്പൂച്ചി'. നിലവിൽ ഇത് ഇറ്റാലിയൻ നാവികസേനയുടെ പരിശീലന കപ്പലായി ഉപയോഗിച്ചുവരുന്നു. 2023 ജൂലൈ മുതൽ ഇറ്റലിയുടെ സാംസ്കാരിക അംബാസഡർ എന്ന നിലയിൽ ഈ കപ്പൽ അഞ്ചു ഭൂഖണ്ഡങ്ങളിലുമുള്ള നിരവധി രാജ്യങ്ങളിലൂടെ പര്യടനം നടത്തിവരികയായിരുന്നു.

ഇനി മുതൽ ഈ വർഷം ഡിസംബർ 28 വരെ ഭക്തിനിർഭരമായ തീർത്ഥാടനങ്ങൾക്കും സമുദ്രങ്ങളിലെ മിഷൻ സന്ദർശനങ്ങൾക്കുമായി നിയോഗിക്കപ്പെട്ട ഒരു ജൂബിലി സൈറ്റായി പര്യടനം തുടരുമെന്ന് കപ്പലിന്റെ മാധ്യമ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. വിശുദ്ധമായ ജൂബിലി സൈറ്റ് എന്ന നിലയിൽ ദണ്ഡ വിമോചനത്തിലൂടെയുള്ള ആത്മീയ നേട്ടങ്ങൾ സൈനികർക്കും സംലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ജൂബിലി വർഷവും ദണ്ഡവിമോചനങ്ങളും

ജൂബിലി വർഷത്തിൽ പ്രാദേശിക തലത്തിൽ രൂപതാധ്യക്ഷ്യന്മാർ നിശ്ചയിച്ചിട്ടുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ദേവാലയങ്ങളിലേക്കും തീർത്ഥാടനം നടത്തുന്നത് വിശ്വാസികൾക്ക് പൂർണ ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള ഒരു മാർ​ഗ
മാണ്.

റോമിലേക്ക് തീർത്ഥാടനം നടത്തുന്നതും അവിടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതും പൂർണ ദണ്ഡവിമോചനത്തിനുള്ള മറ്റൊരു മാർഗമാണ്. സന്നദ്ധ സേവനങ്ങളിൽ ഏർപ്പെട്ട് കാരുണ്യ പ്രവർത്തികൾ ചെയ്യുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്നതുമെല്ലാം ജൂബിലി വർഷത്തിൽ ദണ്ഡവിമോചന മാർഗങ്ങളാണ്.

സായുധ സേനാംഗങ്ങളുടെയും പോലീസിന്റെയും ജൂബിലിക്കുള്ള ഒരുക്കങ്ങൾ

ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിലായി റോമിൽ നടക്കാനിരിക്കുന്ന സായുധ സേനയുടെയും പോലീസിന്റെയും ജൂബിലി ആഘോഷത്തിന് നേതൃത്വം നൽകുന്നതും ഇറ്റാലിയൻ മിലിട്ടറി ഓർഡിനാരിയേറ്റാണ്. ഇതിൽ പങ്കെടുക്കാനായി ലോകമെമ്പാടും നിന്നുള്ള സായുധ സേനാംഗങ്ങൾ റോമിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. റോമിലെ സെൻട്രൽ സ്ക്വയറിലാണ് അവരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്.

അതിന് ശേഷം വിവിധ സേനകളുടെ ആഭിമുഖ്യത്തിൽ ബാൻഡ് മേളങ്ങൾ നടക്കും. തുടർന്ന് സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കാനായി സേനാംഗങ്ങളുടെ തീർത്ഥാടന പദയാത്ര. അതിന് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ചടങ്ങുകൾ സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.