അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി: അമേരിക്കയില്‍ പാര്‍ട്ട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി: അമേരിക്കയില്‍ പാര്‍ട്ട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാഥികള്‍.

ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും അമേരിക്കയില്‍ പഠിക്കാനെത്തുന്നത്. ജീവിതച്ചിലവുകള്‍ക്കായി ഇവരില്‍ ഭൂരിഭാഗം പേരും വ്യാപാര സ്ഥാപങ്ങളിലും ഭക്ഷണ ശാലകളിലും പെട്രോള്‍ പമ്പുകളുിലും മറ്റും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരാണ്.

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം ജോലികള്‍ ചെയ്യുന്നത് നിയമ വിരുദ്ധമാകുമോയെന്ന് ഭയന്നാണ് വിദ്യാര്‍ഥികള്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്.

യു.എസ് നിയമപ്രകാരം എഫ് 1 വിസയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാം. എന്നാല്‍ വിദ്യാര്‍ഥികളില്‍ പലരും അധിക സമയം പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരാണ്. രേഖകളില്ലാത്ത ജോലികളാണ് അവയില്‍ അധികവും.

ട്രംപിന്റെ നിര്‍ദേശ പ്രകാരം അനധികൃത തൊഴിലാളികളെ കണ്ടുപിടിക്കുന്ന കൂട്ടത്തില്‍ തങ്ങളും പെടുമോ എന്ന ഭയത്താലാണ് വിദ്യാര്‍ഥികള്‍ ജോലി ഉപേക്ഷിക്കുന്നത്. കുറച്ചുകാലം ഇതില്‍ നിന്ന് വിട്ടുനിന്ന ശേഷം എല്ലാം ശരിയായാല്‍ ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് പലരുടെയും തീരുമാനം.

വീട്ടില്‍ നിന്നും നല്ലൊരു തുക ചെലവാക്കിയാണ് ഇവര്‍ പഠിക്കാനായി വിദേശത്തേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ നിത്യ ചെലവിന് വീട്ടില്‍ പണം ചോദിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ വിദ്യാര്‍ഥികളെ മാനസികമായും ബാധിക്കുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയില്‍ പിടിയിലായിട്ടുള്ളത്. അതേസമയം രേഖകളില്ലാത്ത ഇന്ത്യക്കാരെ നിയമാനുസൃതമായി തിരികെ കൊണ്ടുവരാന്‍ രാജ്യം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.