ബിഎംസിഎയുടെ 69-ാമത് വാര്‍ഷികവും ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷവും വിപുലമായി നടത്തപ്പെട്ടു

ബിഎംസിഎയുടെ  69-ാമത് വാര്‍ഷികവും ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷവും വിപുലമായി നടത്തപ്പെട്ടു

ബംഗളൂര്‍: ബംഗളൂര്‍ മലയാളി കാത്തലിക് അസോസിയേഷ(ബിഎംസിഎ) ന്റെ 69-ാമത് വാര്‍ഷികവും ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷവും ഇസിഎ ഇന്ദിരാനഗര്‍ ഹോളില്‍വച്ച് നടത്തപ്പെട്ടു. ബിഎംസിഎയുടെ പ്രസിഡന്റ് ദേവസ്യാ കുര്യന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ബിഎംസിഎയുടെ രക്ഷാധികാരി ടോണി വിന്‍സന്റ് ഗസ്റ്റ് ഓഫ് ഓണര്‍ ആയിരുന്നു. ചടങ്ങില്‍ ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

ബിഎംസിഎയുടെ തുടക്കത്തെക്കുറിച്ചും 69 വര്‍ഷത്തെ പ്രവര്‍ത്തന മികവും ചീഫ് ഗസ്റ്റായി എത്തിയ ലിസി കെ. ഫെര്‍ണാണ്ടസ് വിലയിരുത്തുകയുണ്ടായി. അതോടൊപ്പം പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മിക്കുന്നതിനായി ബിഎംസിഎ അംഗങ്ങളും ടോണി വിന്‍സന്റും നല്‍കിയ സംഭാവന ആദര്‍പൂര്‍വം ഫാ. ജോര്‍ജ് കണ്ണന്താനം ഏറ്റുവാങ്ങി.


ബംഗളൂരുവിലേയ്ക്ക് താമസത്തിനായി എത്തിയ മലയാളി ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആദ്യത്തെ ക്രിസ്ത്യാനി കൂട്ടായ്മയാണ് ബിഎംസിഎ. ഈ 69 വര്‍ഷത്തിനകം ബിഎംസിഎ ഭാരവാഹികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിയത് കലാസാംസ്‌കാരിക സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കാര്യങ്ങളാണ്.
വര്‍ഷിക യോഗത്തില്‍ കരോള്‍ഗാന മത്സരം, കുട്ടികള്‍ക്കായി ക്രിസ്മസ് കാര്‍ഡ് മത്സരവും നടത്തപ്പെട്ടും. ഒപ്പം കണ്ണിനും കാതിനും ഇമ്പമേകാന്‍ ഫാഷന്‍ ഷോയും സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് ബിഎംസിഎ അംഗങ്ങളാണ് ആഘോഷപരിപാടികളില്‍ പങ്കെടുത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.
ആഘോഷ ചടങ്ങില്‍ ദേവസ്യാ കുര്യന്‍ അധ്യക്ഷ പ്രസംഗവും സെക്രട്ടറി ജെന്‍സണ്‍ വട്ടോളി നന്ദി പ്രകാശനവും നടത്തി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനമായി. കൂടാതെ ബിഎംസിഎയുടെ മുന്‍കാല പ്രസിഡന്റുമാരെയും രക്ഷാധികാരികളേയും ആദരിക്കുകയുണ്ടായി.

ബംഗളൂര്‍ എന്ന മഹാനഗരിയില്‍ ക്രിസ്തീയ വിശ്വാസ സമൂഹം ഒത്തൊരുമയോടെ വസിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും സഹായിക്കുവാനും ബന്ധങ്ങള്‍ നിലനിര്‍ത്തുവാനും തലമുറകള്‍ അതിനെ വളര്‍ത്തിയെടുക്കുവാനും ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ഇന്നുവരെ നടത്തിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനമായ ജനുവരി 26 നാണ് ബിഎംസിഎ തങ്ങളുടെ വാര്‍ഷികാഘോഷവും ക്രിസ്മസ് ആഘോഷവും നടത്താറുള്ളത്. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന ഒരു ഗ്രൂപ്പാണ് ബംഗളൂര്‍ മലയാളി കാത്തലിക് അസോസിയേഷന്‍.


ക്രിസ്മസ് നല്‍കുന്ന സന്ദേശം ചരിത്രത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ചരിത്രം തന്നെ ആയ ക്രിസ്തുവിന്റെ സന്തോഷവും സമാധാവനും മറ്റുള്ളവരിലേയ്ക്ക് പകരുക എന്നതാണ്. ചിലര്‍ ജീവിതംകൊണ്ട് ചരിത്രമായി മാറുന്നു, മറ്റ് ചിലര്‍ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറുന്നു. അത്തരത്തില്‍ ഈ സംഘടനയുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ പലരും ചരിത്രമായി മാറുമെന്നും ചീഫ് ഗസ്റ്റായി എത്തിയ ലിസി കെ. ഫെര്‍ണാണ്ടസ് ക്രിസ്മസ് സന്ദേശം നല്‍കിക്കൊണ്ട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.