ആലപ്പുഴ: ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് ഓണ്‍ലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍. തായ്വാനില്‍ താമസിക്കുന്ന വെയ് ചുങ് വാന്‍, ഷെന്‍ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പൊലീസ് പിടികൂടിയ പ്രതികളെ കേരളാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ അമിതലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 20 തവണയായാണ് പ്രതികള്‍ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തത്. തങ്ങള്‍ തട്ടിപ്പിനിരയായെന്ന് മനസിലായതിന് പിന്നാലെ ദമ്പതികള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുള്‍ സമദ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഇതര സംസ്ഥാനക്കാരായ ഭഗവല്‍ റാം, നിര്‍മല്‍ ജയ്ന്‍ എന്നിവരേയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു റാക്കറ്റാണ് തട്ടിപ്പ് നടത്തിയതെന്ന് കേരളാ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ നയതന്ത്രപരമായ ചില പരിമിതികള്‍ കാരണം ഇവരിലേക്ക് നേരിട്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
ഇതിനിടെയാണ് ഗുജറാത്തിലെ അഹമ്മദാബാദ് പൊലീസ് രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം മനസിലാക്കിയ കേരളാ പൊലീസ് പ്രത്യേക സംഘത്തെ അഹമ്മദാബാദിലേക്ക് അയയ്ക്കുകയും കോടതി വഴി കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. ട്രെയിന്‍ വഴി ആലപ്പുഴയിലെത്തിച്ച ഇരുവരേയും ചേര്‍ത്തല സ്റ്റേഷനിലെത്തിച്ചു. ബുധനാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.