മൂന്ന് വര്‍ഷത്തിന് ശേഷം രാഹുല്‍-തരൂര്‍ കൂടിക്കാഴ്ച; ഖാര്‍ഗെയെയും കണ്ടു, മാധ്യമങ്ങളെ കാണാതെ മടക്കം

മൂന്ന് വര്‍ഷത്തിന് ശേഷം രാഹുല്‍-തരൂര്‍ കൂടിക്കാഴ്ച; ഖാര്‍ഗെയെയും കണ്ടു, മാധ്യമങ്ങളെ കാണാതെ മടക്കം

ന്യൂഡല്‍ഹി: ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി. സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു.

അതേസമയം മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ ജന്‍പഥ് വസതിയുടെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് തരൂര്‍ മടങ്ങിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍-തരൂര്‍ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായി. കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു.

കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ശശി തരൂരിന്റെ നിലപാടിനെതിരേയുള്ള അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദേശീയ നേത്യത്വത്തിന്റെ ഇടപെടല്‍.

സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ച് മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.