ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം രേഖ ഗുപ്ത ഉന്നയിച്ചിരുന്നു. രാംലീല മൈതാനിയില്‍ ഇന്ന് 12:30 ഓടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന രേഖ ഗുപ്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ഡല്‍ഹിയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മെര്‍ലേന എന്നിവരാണ് മുമ്പ് ഈ പദവി വഹിച്ചിട്ടുള്ള മറ്റ് സ്ത്രീകള്‍. സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞാല്‍ ഇന്ത്യയിലെ മുഖ്യമന്ത്രിയായ രണ്ട് വനിതകളില്‍ ഒരാളായും രേഖ മാറും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഈ പദവിയിലുള്ള മറ്റൊരു വനിത.
നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക വനിതാ മുഖ്യമന്ത്രിയും രേഖ ആയിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എന്‍ഡിഎ നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. രേഖയെ കൂടാതെ ആറ് മന്ത്രിമാര്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി സാംസ്‌കാരിക പരിപാടി ഉണ്ടായിരിക്കും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ഏകദേശം 30000 അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാലിമാര്‍ ബാഗ് നിയോജകമണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത വിജയിച്ചത്.
മധ്യ, വടക്കന്‍, ന്യൂഡല്‍ഹി മേഖലകളിലായി 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി വിന്യസിക്കുക. വേദിയില്‍ പ്രഥമശുശ്രൂഷാ കിയോസ്‌കുകളും അധിക സൗകര്യങ്ങളും ഒരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതേസമയം രാംലീല മൈതാനത്തിന് ചുറ്റുമുള്ള ഗതാഗത നിയന്ത്രണങ്ങളും മറ്റും സംബന്ധിച്ച് ഡല്‍ഹി പൊലീസ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.