തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രയിനും താമരശേരി ബിഷപ്പുമായി നാളെ കൂടിക്കാഴ്ച നടത്തും

തൃണമൂല്‍ എംപിമാരായ  മഹുവ മൊയ്ത്രയും  ഡെറിക് ഒബ്രയിനും താമരശേരി ബിഷപ്പുമായി നാളെ കൂടിക്കാഴ്ച നടത്തും

മലപ്പുറം: ഞായറാഴ്ച നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍  പങ്കെടുക്കാനായി മലപ്പുറത്തെത്തുന്ന  പശ്ചിമ ബംഗാളിലെ തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രയിനും നാളെ താമരശേരി ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയുമായി കൂടിക്കാഴ്ച നടത്തും.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ഇരുവരും സന്ദര്‍ശിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി അന്‍വര്‍ അറിയിച്ചു. കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള മര്‍ക്കസ് നോളേജ് സിറ്റിയും സന്ദര്‍ശിക്കും.

അതിനിടെ പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിനെതിരെ പി.വി അന്‍വര്‍രംഗത്തു വന്നു. പി.എസ്.സി ചെയര്‍മാന് ഒരു ദിവസം 17000 രൂപയാണ് ശമ്പളം. കൊടും കൊള്ളയാണ് നടക്കുന്നത്. പി.എസ്.സി അംഗങ്ങള്‍ക്ക് എന്താണ് ജോലി എന്ന് ചോദിച്ചാല്‍ അവര്‍ക്ക് തന്നെ അറിയില്ല.

പൊതുമുതല്‍ കൊള്ളയടിക്കാനുള്ള സ്ഥാപനമായി പി.എസ്.സി മാറി. 42000 ശമ്പളം ഉണ്ടായിരുന്നത് ഒരു ലക്ഷത്തിന് മുകളിലാക്കി. കെ.വി തോമസിന്റെ ആറ് ലക്ഷം എന്നത് 11 ലക്ഷമാക്കി ഉയര്‍ത്തുകയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.

സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തില്‍ ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആശ വര്‍ക്കര്‍മാര്‍ക്ക് ഒരു ദിവസം ആകെ നല്‍കുന്നത് 230 രൂപയാണ്. അപ്പോഴാണ് പി.എസ്.സി ചെയര്‍മാന് ഒരു ദിവസം 17000 രൂപ വേദനമായി നല്‍കുന്നതെന്ന് അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്‍വര്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷനും കൂടി ചേര്‍ന്ന് ആണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. മെയ് മാസം രണ്ടാം വാരം മമത ബാനര്‍ജി കേരളത്തിലെത്തും. കോഴിക്കോട് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.