ലക്ഷ്യം മോചന ദ്രവ്യം: ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടു പോകാന്‍ ഐ.എസ് പദ്ധതിയെന്ന് പാക് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ലക്ഷ്യം മോചന ദ്രവ്യം: ചാമ്പ്യന്‍സ് ട്രോഫിക്കെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടു പോകാന്‍ ഐ.എസ് പദ്ധതിയെന്ന് പാക് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ലാഹോര്‍: പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടു പോകാന്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ പദ്ധതിയുടുന്നതായി പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

ചൈനക്കാരെയും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെയുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും മോചന ദ്രവ്യത്തിനായാണ് പദ്ധതി തയ്യാറാക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഐ.എസിന്റെ ഖൊറൈസണ്‍ പ്രൊവിന്‍സാണ് പിന്നില്‍.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, താമസ സ്ഥലങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരങ്ങളില്‍ നിന്നും അകലെയുള്ള പ്രദേശങ്ങളിലെ താമസ സ്ഥലങ്ങള്‍ ഐ.എസ് ഭീകരര്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിരീക്ഷണ ക്യാമറകള്‍ പോലും ഇല്ലാത്ത സ്ഥലങ്ങളാണിത്. മുസ്ലീങ്ങള്‍ക്കെതിരായ ബൗദ്ധിക യുദ്ധത്തിനുള്ള പാശ്ചാത്യ ഉപകരണമാണ് ക്രിക്കറ്റ് എന്ന് അവകാശപ്പെടുന്ന 19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 2024 ല്‍ ഐ.എസ് ഖൊറൈസണ്‍ പ്രൊവിന്‍സുമായി ബന്ധമുള്ള അല്‍ അസൈം മീഡിയ പുറത്തിറക്കിയിരുന്നു.

പ്രധാന അന്താരാഷ്ട്ര ഇവന്റുകള്‍ സുരക്ഷിതമാക്കുന്നതില്‍ പാകിസ്ഥാന്‍ വെല്ലുവിളി നേരിടുന്നതിനിടെയാണ് പുതിയ ഭീഷണി. വിദേശ പൗരന്മാര്‍ക്കെതിരായ ആക്രമണം പാകിസ്ഥാന്‍ നിസാരവല്‍കരിക്കുകയാണെന്ന ആരോപണങ്ങള്‍ നേരത്തേ തന്നെയുണ്ട്.

2024 ല്‍ ഷാങ്‌ലയില്‍ ചൈനീസ് എന്‍ജിനീയര്‍മാര്‍ക്കെതിരായ ആക്രമണവും 2009 ല്‍ ലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണവും പാകിസ്ഥാനിലെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു.

അതിനിടെ അഫ്ഗാനിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയും (ജി.ഡി.ഐ) പ്രധാന സ്ഥലങ്ങളില്‍ ഐ.എസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഗ്രൂപ്പുമായി ബന്ധമുള്ള കാണാതായ പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.