സലാം വന്ദേ ഭാരത് ; മാത്തന്‍ പടിയിറങ്ങുന്നു

സലാം വന്ദേ  ഭാരത് ; മാത്തന്‍ പടിയിറങ്ങുന്നു

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ കാലത്ത് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കുന്നതിന് രൂപീകരിച്ച വന്ദേ ഭാരത് ദൗത്യത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാർക്ക് നേതൃത്വം നൽകിയ മലയാളി പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മധു മാത്തന്‍ പടിയിറങ്ങുന്നു.

28 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് എയര്‍ ഇന്ത്യ ഇന്‍ഫ്‌ളൈറ്റ് സര്‍വീസസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ മധു വിരമിക്കുന്നത്. 1992ലാണ് അദ്ദേഹം എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. ദക്ഷിണ മേഖല സെയില്‍സ് മാനേജര്‍, ഓസ്‌ട്രേലിയയിലെ ജനറല്‍ മാനേജര്‍, ഡൽഹി ആസ്ഥാനത്ത് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ 4500 ക്യാബിന്‍ ക്രൂവിനെയാണ് അദ്ദേഹം കോവിഡ് കാലത്ത് നിയന്ത്രിച്ചത്. വന്ദേ ഭാരത്ത് ദൗത്യത്തിലൂടെ എണ്ണായിരത്തിലേറെ വിമാനങ്ങളിലായി ഒൻപത് ലക്ഷത്തിലേറെ പേരെയാണ് നാട്ടിലെത്തിച്ചത്.

വിമാനത്തിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍, മരുന്നുകള്‍, അവരുടെ ക്വാറന്റീന്‍ സൗകര്യം എന്നിവയെല്ലാം മേല്‍നോട്ടം വഹിച്ചത് മധുവായിരുന്നു. ദൗത്യത്തിലേര്‍പ്പെട്ട ആയിരത്തോളം ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു.

'മധുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നെന്ന്' എയര്‍ ഇന്ത്യയുടെ ചീഫ് ക്യാബിന്‍ ക്രൂവും മലയാളിയുമായ സാജു കുരുവിള പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.