അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാൽ കുപ്രസിദ്ധിയാർജ്ജിച്ച നൈജീരിയയിൽ നിന്ന് വീണ്ടും കത്തോലിക്ക വൈദികനെയും വൈദികാ വിദ്യാർത്ഥിയെയും തട്ടിക്കൊണ്ടുപോയി. ഔച്ചി രൂപതയിലെ ഇടവക റെക്ടറിയിൽ നിന്ന് ഫാ. ഫിലിപ്പ് എക്‌വേലിയെയും ഒരു വൈദികാർഥിയെയുമാണ് മാർച്ച് മൂന്നിന് തട്ടിക്കൊണ്ടുപോയത്.
എഡോ സംസ്ഥാനത്ത് എറ്റ്‌സാക്കോ ഈസ്റ്റ് എൽജിഎയിലെ ഇവിയുഖുവ-അജെനെബോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ കത്തോലിക്കാ ദേവാലയ റെക്ടറി ആക്രമിച്ചതിന് ശേഷമായിരിന്നു ഇരുവരെയും തട്ടിക്കൊണ്ടുപോയത്.
റെക്ടറിയിലെയും ദേവാലയത്തിലെയും വാതിലുകളും ജനലുകളും വെടിവയ്പ്പിൽ തകർക്കപ്പെട്ടുവെന്നും പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയവരുമായി പോരാടിയെന്നും രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. എഗിലെവ വെളിപ്പെടുത്തി. ചുറ്റുമുള്ള വനങ്ങളിലേക്കാണ് ഇരുവരെയും കൊണ്ടുപോയേക്കുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരുമായി നിലവിൽ യാതൊരു ആശയ വിനിമയവും നടന്നിട്ടില്ലായെന്നും പരിക്കുകൾ കൂടാതെ ഇരുവരും മോചിതരാകുന്നതിന് വേണ്ടി രൂപതയിലെ വിശ്വാസികളോടൊപ്പം എല്ലാവരും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു.
2003 ഫെബ്രുവരി 22 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഔച്ചി കത്തോലിക്കാ രൂപത അതിന്റെ ഉദ്ഘാടനത്തിന്റെ ഇരുപത്തി രണ്ടാം വാർഷികം ആഘോഷിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ രൂപതയിലെ എട്ടിലധികം വൈദികരെയാണ് തട്ടിക്കൊണ്ടുപോയിട്ടുള്ളത്.
ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകൽ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കൻ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികൾക്ക് ബലം പകരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി വൈദികരെയാണ് സായുധധാരികൾ തട്ടിക്കൊണ്ടുപോയത്. ഇവർ പിന്നീട് മോചിക്കപ്പെട്ടിട്ടുണ്ടെങ്കിലും തടങ്കലിനിടെ കൊല്ലപ്പെട്ട വൈദികരും നിരവധിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.