വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. വലിയ നോമ്പിന് ആരംഭം കുറിക്കുന്ന വിഭൂതി ബുധനാഴ്ചയുടെ ചടങ്ങുകളിൽ പാപ്പ ആശുപത്രിയിലെ മുറിയിലിരുന്ന് പങ്കെടുത്തുവെന്ന് വത്തിക്കാൻ അറിയിച്ചു. കാർമികൻ പാപ്പയുടെ ശിരസിൽ ചാരം പൂശുകയും പരിശുദ്ധ കുർബാന നൽകുകയും ചെയ്തു.
പാപ്പ രാത്രി നന്നായി വിശ്രമിച്ചു. കുറച്ച് സമയം വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ശ്വസനം. പകൽ അസ്വസ്ഥതകളില്ലാതെ വിശ്രമിച്ചു. ഇരു ശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ അതീവ ജാഗ്രതയിലാണ്. ഓക്സിജൻ തെറപ്പി തുടരുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. മാർച്ച് അഞ്ചിന് ഗാസയിലെ തിരുകുടുംബ ദൈവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുമായി ഫ്രാൻസിസ് പാപ്പ ഫോണിലൂടെ സംഭാഷണം നടത്തിയിരുന്നു.
നോമ്പുകാല ശുശ്രൂഷകളിൽ നേതൃത്വം നൽകാനായി മാർപാപ്പയ്ക്ക് പകരം മുതിർന്ന കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിനെ നിയോഗിച്ചു. ഇന്നലെ വിഭൂതി ബുധൻ ശുശ്രൂഷകളിൽ അദേഹമാണ് കാർമികനായത്. വിഭൂതി തിരുനാളിന് വേണ്ടി മാർപാപ്പ തയ്യാറാക്കി വെച്ചിരുന്ന സന്ദേശം കർദിനാളാണ് വായിച്ചത്. മാർപാപ്പ ഉൾപ്പെടെ വത്തിക്കാനിലെ പ്രമുഖർ പങ്കെടുക്കേണ്ടിയിരുന്ന നോമ്പുകാല ധ്യാനം ശനിയാഴ്ച ആരംഭിക്കും.
ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആരംഭിച്ച ജപമാല പ്രാർത്ഥന ഇന്നലെയും നടന്നിരുന്നു. ദൈവാരാധനയ്ക്കും കൂദാശാക്രമകാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദിനാൾ ആർതർ റോഷാണ് കഴിഞ്ഞ ദിവസത്തെ ജപമാല പ്രാർത്ഥന നയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.