കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്; മെയ് രണ്ടിന് ഫലമറിയാം

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്;  മെയ് രണ്ടിന് ഫലമറിയാം

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും അന്നുതന്നെ. മെയ് രണ്ടിനാണ് കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും വേട്ടെണ്ണല്‍. കേരളത്തില്‍ മാര്‍ച്ച് 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്.

മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന്

അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി

പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടം

കേരളത്തിനൊപ്പം പുതുച്ചേരിയും തമിഴ്‌നാടും പോളിംഗ് ബൂത്തിലേക്ക്

ഇന്നു നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിന് ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. കേരളം-140, തമിഴ്‌നാട്-234, പുതുച്ചേരി-30, അസം-126, പശ്ചിമബംഗാള്‍-294 എന്നിങ്ങനെ ആകെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 18 കോടി 68 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും.

പോളിംഗ് സമയം ഒരു മണിക്കൂര്‍ കൂട്ടി. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അറ് വരെ. ആയിരം വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത്. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കണം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലേയും പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കേരളത്തില്‍ ആകെ 40,771 പോളിംഗ് ബൂത്തുകളുണ്ട്. 2016 ല്‍ 21,498 പോളിംഗ് ബൂത്തുകളാണുണ്ടായിരുന്നത്.

പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിയോടൊപ്പം രണ്ട് പേര്‍ മാത്രമേ പാടൊള്ളൂ. ഓണ്‍ലൈനായും പത്രിക നല്‍കാം. വീടുകള്‍ കയറിയുള്ള പ്രചരണത്തിന് അഞ്ച് പേരില്‍ കൂടാന്‍ പാടില്ല. വാഹന റാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം. 80 വയസിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും തപാല്‍ വോട്ടിന് സൗകര്യമുണ്ട്.

ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു മണ്ഡലത്തില്‍ ചെലവാക്കാവുന്ന പരമാവധി തുക 30.80 ലക്ഷം രൂപയാണ്. സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥ പുഷ്‌പേന്ദ്ര പൂനിയ നിരീക്ഷിക്കും. സ്ഥാനാര്‍ത്ഥികള്‍ മൂന്ന് തവണ ക്രിമിനല്‍ കേസുകളുടെ വിവരം പ്രസിദ്ധീകരിക്കണം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം വോട്ടെടുപ്പ് നടക്കും.

കേരളത്തിലേതുപോലെ പുതുച്ചേരിയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. മാര്‍ച്ച് 27 നാണ് ആദ്യഘട്ട പോളിംഗ്. എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും മാര്‍ച്ച് 27നാണ് ആദ്യഘട്ട വോട്ടെടുപ്പ്. അവസാന ഘട്ടം ഏപ്രില്‍ 29ന് നടക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും കേരളത്തില്‍ കേരളത്തില്‍ കോവിഡ് ഭീഷണി വിട്ടൊഴിയുന്നില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തിയതി തീരുമാനിച്ചതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.