അയർലൻഡിലെ സീറോ മലബാർ സമൂഹം വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി

അയർലൻഡിലെ സീറോ മലബാർ സമൂഹം വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യൽ സർവീസ് സൊസൈറ്റികൾക്ക് കൈമാറി.

അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നിന്നും വ്യക്തികളിൽ നിന്നും സമാഹരിച്ച 32680.17 യൂറോ ഉൾപ്പെടെ യൂറോപ്പിലെ വിവിധ സഭക്കൂട്ടയ്മകൾ സമാഹരിച്ച 69838.30 യൂറോ സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ വഴി ദുരിതബാധിതർ ഉൾപ്പെടുന്ന രൂപതകളിലേയ്ക്ക് എത്തിച്ചു.

2024 ജൂലൈ അവസാനം വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമത്തിലെ മുണ്ടകൈ ചൂരമല, വെള്ളാരിമല പ്രദേശങ്ങൾ അപ്പാടെ ഒലിച്ചുപോയ ദുരന്തത്തിൽ നാനൂറ്റി ഇരുപത് ആളുകൾ കൊല്ലപ്പെടുകയും അനേകരെ കാണാതാവുകയും ചെയ്തു. 1200 കോടി രൂപയുടെ നാശനഷ്ടമാണ് ഈ ദുരന്തത്തിൽ ഉണ്ടായത്.

വയനാട്ടിലെ ദുരിതബാധിതർക്കുള്ള യൂറോപിലെ സീറോ മലബാർ സഭയുടെ സഹായമായി 27935.32 യൂറോ (24,99,595 രൂപ) മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൻ സർവ്വീസ് സൊസൈറ്റിക്ക് (WSS) കൈമാറി. സൊസൈറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ സ്ഥലത്ത് ദുരന്തബാധിതർക്കായുള്ള വീടുകളുടേയും അനുബന്ധ സൗകര്യങ്ങളുടേയും നിർമ്മാണം ആരംഭഘട്ടത്തിലാണ്.

2024 ജൂലൈയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഗ്രാമത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലിൽ അനേകം വീടുകളും ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും ഒലിച്ചുപോയിരുന്നു. തൊട്ടുമുമ്പ് വയനാട്ടിൽ നടന്ന ഉരുൾ പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തിയതിനാൽ മരണ സംഖ്യ കുറക്കാൻ സാധിച്ചുവെന്നാലും കോടിക്കണക്കിന് 
രൂപയുടെ നാശനഷ്ടമാണുണ്ടായത്.

ദുരിത ബാധിതർക്കായി സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേഷൺ കൈമാറിയ 41902.98 യൂറോ (37,51,477 രൂപ) താമരശേരി രൂപതയുടെ സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റ് (COD) വഴി ദുരിതബാധിതരിലേയ്ക്ക് എത്തും.

നാൽപ്പത്തൊന്ന് വീടുകളാണ് സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിലങ്ങാട് നിർമ്മിക്കാനുദ്ദേശിക്കുന്നത്. എട്ട് വീടുകളുടെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തറക്കല്ലിട്ടു ഉത്ഘാടനം നിർവ്വഹിച്ചു. സ്ഥലം ലഭ്യമാകുന്നമുറക്ക് മറ്റ് വീടുകളുടെ നിർമ്മാണം ആരംഭിക്കും.

ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കാൻ മന:സ്സുകാണിച്ച എല്ലാവിശ്വാസികളേയും നന്ദിയോടെ സ്മരിക്കുന്നതായി യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.