'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്': എക്സൈസിന്റെ ലഹരി വേട്ടയില്‍ 368 പേര്‍ അറസ്റ്റില്‍; 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്':  എക്സൈസിന്റെ ലഹരി വേട്ടയില്‍ 368 പേര്‍ അറസ്റ്റില്‍; 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്സൈസിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റി'ന്റെ ഭാഗമായി അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് മന്ത്രി എംബി രാജേഷ്.

കേസുകളില്‍ 378 പേരെ പ്രതിചേര്‍ത്തു. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായും ഒളിവിലുള്ള 17 പ്രതികളെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.

അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്‌സൈസ് വകുപ്പ് നടത്തിയത്. ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ 21,389 വാഹനങ്ങളാണ് എക്‌സൈസ് വകുപ്പ് പരിശോധിച്ചത്. ലഹരിമരുന്ന് കടത്തിയ 16 വാഹനങ്ങളും പിടിച്ചെടുത്തു.

602 സ്‌കൂള്‍ പരിസരങ്ങള്‍, 152 ബസ്റ്റാന്റ് പരിസരം, 59 ലേബര്‍ ക്യാമ്പുകള്‍, 54 റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തിയും ലഹരിമരുന്ന് വില്‍പ്പനക്കാരെ എക്‌സൈസ് പിടികൂടി. മാര്‍ച്ച് അഞ്ച് മുതല്‍ 12 വരെയാണ് നിലവില്‍ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ക്യാമ്പയിന്‍ നിശ്ചയിച്ചിരിക്കുന്നത്.

സ്‌കൂളുകളും കോളജുകളും ബസ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധന തുടരും. അതിര്‍ത്തിയിലും ജാഗ്രത തുടരും.

പ്രതികളില്‍ നിന്ന് 56.09 ഗ്രാം എംഡിഎംഎ, 23.11 ഗ്രാം മെത്താഫിറ്റാമിന്‍, എല്‍.എസ്.ഡി, നൈട്രോസെഫാം ടാബ്ലറ്റ്, 10.2 ഗ്രാം ഹെറോയിന്‍, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയില്‍, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികള്‍, 96 ഗ്രാം കഞ്ചാവ് ഭാംഗ്, കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു.

പരിശോധനയുടെ ഭാഗമായി 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കൂടി കണ്ടെത്താനായി. ഈ കേസുകളിലായി 10,430 ലിറ്റര്‍ സ്പിരിറ്റും 101.8 കിലോ പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.