ലാഹോര്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോയി 200 യാത്രക്കാരെ ബന്ദികളാക്കിയ ബലൂച് തീവ്രവാദികള്‍ 50 ബന്ദികളെ വധിച്ചതായി അവകാശപ്പെട്ടു. പാകിസ്ഥാന്‍ സൈന്യത്തിന്റെ തങ്ങള്‍ക്കെതിരായ ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്നും ഭീകരര്‍ അവകാശപ്പെട്ടു. സൈനിക നടപടി അവസാനിപ്പിച്ച് ബലൂച് തടവുകാരെ വിട്ടയച്ചുകൊണ്ട് ബാക്കിയുള്ള ബന്ദികളെ സുരക്ഷിതമാക്കാന്‍ പാകിസ്ഥാന് 20 മണിക്കൂര്‍ സമയമുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഒരു പ്രദേശത്ത് ക്വറ്റ-പെഷാവര്‍ ജാഫര്‍ എക്‌സ്പ്രസില്‍ വെടിയുതിര്‍ത്ത ശേഷം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഏകദേശം 500 യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. അക്രമികള്‍ അവരില്‍ 212 പേരെയാണ് ബന്ദികളാക്കിയത്.
'ഇന്നലെ രാത്രിയിലെ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി 10 സൈനികരെ നേരത്തെ വധിച്ചിരുന്നു. കൂടാതെ ഇന്നത്തെ ഏറ്റുമുട്ടലുകളില്‍ 10 പാകിസ്ഥാന്‍ സൈനികരെ കൂടി വധിച്ചു. ഇന്നലെ നടന്ന പോരാട്ടത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട ശത്രു സൈനികരുടെ എണ്ണം 100 ല്‍ അധികമായി. ഏകദേശം 150 പേര്‍ കൂടി ബന്ദികളായി കസ്റ്റഡിയില്‍ തുടരുന്നുണ്ട്. കലാപകാരികള്‍ അവരുടെ ഏറ്റവും പുതിയ പ്രസ്താവനയില്‍ പറഞ്ഞു. സൈന്യം മറ്റൊരു ആക്രമണത്തിന് തുടക്കമിട്ടാല്‍, ശേഷിക്കുന്ന എല്ലാ ബന്ദികളെയും ഉടന്‍ വധിക്കുമെന്നും ബിഎല്‍എ അന്ത്യശാസനം നല്‍കി. ഇനി പാകിസ്ഥാന് 20 മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സമയത്തിനുള്ളില്‍ തടവുകാരെ കൈമാറുന്നതിനുള്ള കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, ഓരോ മണിക്കൂര്‍ കഴിയുന്തോറും കൂടുതല്‍ ബന്ദികളെ ബലൂച് നാഷണല്‍ കോടതി വിചാരണ ചെയ്യുകയും അതനുസരിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാകിസ്ഥാന്‍ സുരക്ഷാ സേന ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തീവ്രവാദികള്‍ക്കെതിരായ ആക്രമണം അവസാന ഘട്ടത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഈ ഹീനമായ പ്രവൃത്തിയില്‍ മുഴുവന്‍ രാജ്യവും അഗാധമായ ഞെട്ടലിലാണ്, നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ട് - ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവൃത്തികള്‍ സമാധാനത്തിനായുള്ള പാകിസ്ഥാന്റെ ദൃഢനിശ്ചയത്തെ ഇളക്കില്ല. ഡസന്‍ കണക്കിന് തീവ്രവാദികളെ കൊന്ന് നരകത്തിലേക്ക് അയച്ചിട്ടുണ്ട്.' പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു.
അതേസമയം ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ കുറഞ്ഞത് 30 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയ ട്രെയിനില്‍ നിന്ന് 190 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും സുരക്ഷാ സേന അറിയിച്ചു. ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടന്നതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി കലാപകാരികള്‍ അവകാശപ്പെട്ടു. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി. അവരെ രക്ഷപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.