ന്യൂയോര്‍ക്ക്: ഉക്രെയ്‌നുമായി വെടിനിര്‍ത്തലിന് തയ്യാറല്ലെങ്കില്‍ കടുത്ത സാമ്പത്തിക നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്ക മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ച് 30 ദിവസത്തെ താല്‍കാലിക വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഉക്രെയ്ന്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനി ഉത്തരവാദിത്വം റഷ്യയ്ക്കാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി റഷ്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്നും ട്രംപ് പറഞ്ഞു.
'വെടിനിര്‍ത്തല്‍ നീക്കവുമായി സഹകരിച്ചില്ലെങ്കില്‍ സാമ്പത്തികമായി പ്രതികൂലമാകുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി വരും. അത് റഷ്യയ്ക്ക് വിനാശകരമായിരിക്കും. സമാധാനം പുനസ്ഥാപിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനാല്‍ അത്തരം നടപടികള്‍ക്ക് താല്‍പര്യമില്ല'- ട്രംപ് നിലപാട് വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ റഷ്യ വച്ച ഉപാധികളാണ് ട്രംപിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഓണ്‍ലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളില്‍ റഷ്യ തങ്ങളുടെ ഉപാധികള്‍ അമേരിക്കന്‍ പ്രതിനിധികളോട് വിശദീകരിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ നേരത്തെയും ചില ഉപാധികള്‍ വെച്ചിരുന്നു. ഇതിന് സമാനമായ ആവശ്യങ്ങള്‍ തന്നെയാണ് ഇത്തവണയും യു.എസിനെ അറിയിച്ചതെന്നാണ് സൂചന. ഉക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കരുത്, ഉക്രെയ്‌നില്‍ വിദേശ സൈന്യത്തെ വിന്യസിക്കരുത്, ക്രൈമിയ അടക്കം നാല് പ്രവിശ്യകള്‍ തങ്ങളുടേതാണെന്ന് അംഗീകരിക്കണം എന്നിവയാണ് റഷ്യയുടെ പ്രധാന ആവശ്യങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.