തിരുവനന്തപുരം: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ അമേരിക്ക തിരയുന്ന ലിത്വാനിയന്‍ സ്വദേശി കേരളത്തില്‍ അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതിയായ അലക്‌സേജ് ബെസിയോകോവിനെ സിബിഐയും കേരള പൊലീസും ചേര്‍ന്ന് വര്‍ക്കലയില്‍ നിന്നാണ് പിടികൂടിയത്.
റാന്‍സംവെയര്‍, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിനായി 'ഗാരന്റക്‌സ്' എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് നടത്തി വരികയായിരുന്നു ഇയാള്‍. ഇന്ത്യ വിടാന്‍ പദ്ധതിയിടുമ്പോഴാണ് ബെസിയോകോവ് പിടിയിലായത്.
കഴിഞ്ഞ ആറ് വര്‍ഷം ഗാരന്റക്‌സിനെ നിയന്ത്രിച്ചിരുന്നത് ബെസിയോകോവ് ആണന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകളില്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സിയിലുള്ള 9600 കോടി ഡോളര്‍ ഇടപാടുകളാണ് ഗാരന്റക്‌സിനെ ഉപയോഗിച്ച് വെളുപ്പിച്ചത്.
ഭീകര സംഘടനകള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകളുടെ കള്ളപ്പണ ഇടപാടുകളാണ് ഇത്തരത്തില്‍ നിയമ വിരുദ്ധമായി വെളുപ്പിച്ചത്. ഇത്തരം ക്രിമിനല്‍ ഇടപാടുകളിലൂടെ ഗാരന്റക്‌സിന് കോടിക്കണക്കിന് രൂപയാണ് വരുമാനമായി ലഭിച്ചത്.
ഗാരന്റക്സിന്റെ സാങ്കേതിക അഡ്മിനിസ്ട്രേറ്ററായിരുന്നു അലക്‌സേജ് ബെസിയോകോവ്. പ്ലാറ്റ്‌ഫോമിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതും ഇടപാടുകള്‍ അവലോകനം ചെയ്തതും ഇയാള്‍ ആയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നടത്താനുള്ള ഗൂഢാലോചന അടക്കം നിരവധി കുറ്റങ്ങള്‍ ബെസിയോകോവനിന് മേല്‍ അമേരിക്ക ചുമത്തിയിരുന്നു. ഈ ആഴ്ച ആദ്യമാണ് പ്രതിയെ പിടി കൂടുന്നതിന് സഹായം തേടി അമേരിക്കയില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് താല്‍ക്കാലിക അറസ്റ്റ് വാറണ്ട് ലഭിച്ചത്.
ഇതേ തുടര്‍ന്ന് സിബിഐയും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വര്‍ക്കലയിലുള്ള ഹോംസ്‌റ്റേയില്‍ കുടുംബ സമേതം താമസിക്കുകയായിരുന്ന ബെസിയോകോവിനെ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.