മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മറ്റ് രാഷ്ട്രത്തലവന്മാര്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നന്ദി പറഞ്ഞു.
ഉക്രെയ്‌നുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് അമേരിക്ക മുന്നോട്ടു വെച്ച നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിക്കുന്നതായും പുടിന്‍ അറിയിച്ചു. വെടിനിര്‍ത്തലിന് നേരത്തേ റഷ്യ ചില ഉപാധികള്‍ വച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് റഷ്യ നിലപാട് മയപ്പെടുത്തിയത്.
'ഉക്രെയ്ന്‍ വിഷയം ഒത്തു തീര്‍പ്പാക്കുന്നതില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് മിസ്റ്റര്‍ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ വിഷയത്തില്‍ ഇടപെട്ട ചൈനീസ് പ്രസിഡന്റ്, ഇന്ത്യന്‍ പ്രധാനമന്ത്രി, ബ്രസീല്‍ പ്രസിഡന്റ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എന്നിവരടക്കമുള്ള ലോക നേതാക്കള്‍ക്കെല്ലാം നന്ദി. ശത്രുത അവസാനിപ്പിക്കുന്നതിനും മനുഷ്യരുടെ നാശനഷ്ടങ്ങള്‍ തടയുന്നതിനുമുള്ള മഹത്തായ ലക്ഷ്യത്തോടെയാണ് ഇതെല്ലാം'- പുടിന്‍ പറഞ്ഞു.
അതേസമയം യുദ്ധം തുടങ്ങാന്‍ കാരണമായ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടണമെന്നും വെടിനിര്‍ത്തല്‍ നിബന്ധനകളില്‍ ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ട്. ദീര്‍ഘകാല സമാധാനത്തിന് വഴി തുറക്കുന്നതാകണം കരാര്‍. അമേരിക്കന്‍ പ്രതിനിധി സംഘവുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പുടിന്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനം വേണം. മുപ്പതുദിന വെടിനിര്‍ത്തല്‍ സൈന്യത്തെ കരുത്തുറ്റതാക്കാന്‍ ഉക്രെയ്ന്‍ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും ഇതോടൊപ്പം പുടിന്‍ പങ്കിട്ടു.
വെടിനിര്‍ത്തല്‍ കാലയളവില്‍ നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സമാധാന സേനയെ അംഗീകരിക്കില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.