ന്യൂഡല്‍ഹി: നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 ന് ശേഷം രാജ്യത്ത് ക്രിസ്ത്യന്‍ സമുദായം നേരിടുന്ന അതിക്രമങ്ങള്‍ നാല് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പാണ് കണക്ക് പുറത്തു വിട്ടത്. 864 അതിക്രമങ്ങളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോഡി സര്‍ക്കാര്‍ മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷവും ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. 2014 ല്‍ അതിക്രമങ്ങള്‍ 147 ആയിരുന്നെങ്കില്‍ പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 640 ല്‍ എത്തി.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിലും അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ ഏറെയും.
ക്രിസ്ത്യന്‍ വിഭാഗം ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളായി ഉത്തര്‍പ്രദേശും ഛത്തീസ്ഗഡും മാറി. യുപിയില്‍ 188 ഉം ഛത്തീസ്ഗഡില്‍ 150 ഉം അക്രമ പരമ്പരകളാണ് ഉണ്ടായത്.
അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭിച്ചില്ല എന്ന് മാത്രമല്ല പ്രതികളായി ജയിലില്‍ പോകേണ്ടി വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടുംബ കൂട്ടായ്മകളും പ്രാര്‍ത്ഥനാ യോഗങ്ങളും അക്രമിക്കപ്പെടുകയാണ്. പള്ളികള്‍ ആരാധന നടത്താന്‍ കഴിയാത്ത രീതിയില്‍ പുറമേ നിന്ന് പൂട്ടിയ സംഭവങ്ങളുമുണ്ടായി.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍, ക്രിസ്ത്യന്‍ കുടുംബങ്ങളോട് ഹിന്ദുമതത്തിലേക്ക് തിരികെ വരണമെന്ന് വില്ലേജ് കൗണ്‍സില്‍ ചേര്‍ന്ന് അവശ്യപെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ മര്‍ദനവും കുടിയിറക്ക് ഭീഷണിയും നേരിടുകയാണ്.
അതേസമയം മതപരിവര്‍ത്തന നിരോധന നിയമവുമായി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അവശ്യപ്പെട്ടിട്ടുണ്ട്.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലാണ് ക്രൈസ്തവ സമൂഹത്തിന് നേരെ വന്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നതെന്ന് ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ദയാല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.