എംഡിഎംഎ മുതല്‍ കഞ്ചാവ് ബീഡി വരെ: വേട്ട തുടര്‍ന്ന് പൊലീസ്; ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി അറസ്റ്റിലായത് 284 പേര്‍

എംഡിഎംഎ മുതല്‍ കഞ്ചാവ് ബീഡി വരെ: വേട്ട തുടര്‍ന്ന് പൊലീസ്; ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി അറസ്റ്റിലായത് 284 പേര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 284 പേര്‍ അറസ്റ്റിലായി. ശനിയാഴ്ച നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാരക മയക്കുമരുന്നുകളായ എംഡിഎംഎ (26.433 ഗ്രാം), കഞ്ചാവ് (35.2 കി.ഗ്രാം), കഞ്ചാവ് ബീഡി (193 എണ്ണം) എന്നിവ പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. നിരോധിത മയക്ക് മരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ശനിയാഴ്ച സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെ സംസ്ഥാനത്ത് ഉടനീളം നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 2,854 പേര്‍ അറസ്റ്റിലായിരുന്നു. നിരോധിത മയക്ക് മരുന്നുകള്‍ കൈവശം വെച്ചതിന് 2,762 കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍, നൈട്രോസെപാം ഗുളിക, അല്‍പ്രസോലം ഗുളിക, ഹെറോയിന്‍ എന്നിവയായിരുന്നു പിടിച്ചെടുത്തിരുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.