ജീവിതമാണ് ലഹരി... ജീവിതമാകണം ലഹരി

ജീവിതമാണ് ലഹരി... ജീവിതമാകണം ലഹരി

കുടുംബങ്ങളില്‍ നിന്ന് തുടങ്ങാം ലഹരിക്കെതിരായ പോരാട്ടം; മാതൃകയാവട്ടെ മിനി എന്ന ആ അമ്മ.

ണ്ട് നാട്ടില്‍ നടന്ന ഒരു സംഭവമുണ്ട്.... പതിവായി കഞ്ചാവ് വലിക്കുന്ന ഒരു റബര്‍ എസ്റ്റേറ്റ് ഉടമ. അദേഹത്തിന്റെ എസ്റ്റേറ്റില്‍ പുതിയൊരു റബര്‍ ടാപ്പിങ് തൊഴിലാളി വന്നു. ആദ്യ ദിവസത്തെ പണി തന്നെ ഉടമയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.

രണ്ടാം ദിവസം പണിക്കാരന്‍ വന്നപ്പോള്‍ മുതലാളി ഒരല്‍പം കഞ്ചാവ് വലിക്കാന്‍ കൊടുത്തു. അന്ന് തലേ ദിവസത്തേക്കാള്‍ നൂറോളം മരങ്ങള്‍ അയാള്‍ കൂടുതല്‍ ടാപ്പ് ചെയ്തു. ഇത് കണ്ട എസ്റ്റേറ്റ് ഉടമയുടെ കൂര്‍മ്മ ബുദ്ധി പ്രവര്‍ത്തിച്ചു. 'ഇവന് അല്‍പ്പംകൂടി ഡോസ് കൂട്ടി കഞ്ചാവ് കൊടുത്താല്‍ ചിലപ്പോള്‍ ഇറുനൂറ് റബര്‍ മരങ്ങള്‍ വരെ കൂടുതല്‍ വെട്ടിയേക്കും'-അയാള്‍ ചിന്തിച്ചു.

പിറ്റേന്ന് കൂടുതല്‍ അളവില്‍ കഞ്ചാവ് കൊടുത്തു. റബര്‍ കത്തി എടുക്കും മുന്‍പേ വെട്ടുകാരന്‍ കിക്കായി. തോട്ടത്തിലെത്തിയ വെട്ടുകാരന്‍ ഒരു മരം ടാപ്പ് ചെയ്തു. പിന്നീട് അയാള്‍ക്ക് തോന്നി... എന്തിനാണ് ഓരോ മരത്തിന്റെയും ചുവട്ടിലൂടെ പോകുന്നത്? ഓരോ മരത്തേയും താന്‍ നില്‍ക്കുന്നിടത്തേക്ക് വിളിച്ചു വരുത്തി ടാപ്പ് ചെയ്യാം എന്നയാള്‍ തീരുമാനിച്ചു.

അങ്ങനെ ഒന്നിന് പിന്നാലെ മറ്റൊന്നായി ഓരോ റബര്‍ മരത്തേയും 'വിളിച്ചു വരുത്തി ടാപ്പ് ചെയ്ത' ശേഷം അയാള്‍ മടങ്ങി. പിന്നാലെ റബര്‍ പാല്‍ ശേഖരിക്കാന്‍ വന്നവര്‍ ശരിക്കും ഞെട്ടി. ഒരു മരം തന്നെ ചുവട് മുതല്‍ കൈയ്യെത്തും ദൂരം വരെ വെട്ടി നശിപ്പിച്ച് വച്ചിരിക്കുകയാണ്. 'കഞ്ചാവ് അഞ്ച് നിറം കാണിക്കും' എന്നു പറയുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

അതിലും എത്രയോ ഭീകരമാണ് ഇപ്പോള്‍ യുവാക്കള്‍ ഉപയോഗിക്കുന്ന എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും പോലുള്ള വീര്യമേറിയ മയക്കുമരുന്നുകള്‍. കഞ്ചാവടിച്ചവന്‍ റബര്‍ വെട്ടി നശിപ്പിച്ചെങ്കില്‍ എംഡിഎംഎ അടിക്കുന്നവന്‍ തലവെട്ടി എറിയുകയാണ്. അത് സ്വന്തം മാതാപിതാക്കളുടേതാകാം... ഭാര്യയുടേതാകാം... കാമുകിയുടേതാകാം... സഹോദരങ്ങളുടേതാകാം... ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ ആവാം.

കേരളത്തില്‍ നമ്മെ ഞെട്ടിച്ചിരുന്നത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആയിരുന്നെങ്കില്‍ ഇന്ന് സ്ഥിതി അതല്ല. അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളില്‍ അധികവും ലഹരിക്കൊലപാതകങ്ങളാണ്. അത് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ലഹരിയടിച്ചവന് ഒരാളെ കൊല്ലണമെന്ന് തോന്നിയാല്‍ അതിന് വഴക്കോ, മുന്‍വൈരാഗ്യമോ ഒന്നും കാരണമാകണമെന്നില്ല... ആരും സുരക്ഷിതരല്ല എന്നര്‍ത്ഥം.

വെറുതേ റോഡിലൂടെ നടന്നു പോകുന്ന ആളെയും ആക്രമിച്ച് കൊലപ്പെടുത്തും. ലഹരിക്കൊലപാതകങ്ങള്‍ക്ക് രക്തബന്ധം പോലും പ്രതിബന്ധമാകുന്നില്ല. അത്തരമൊരു മാനസികാവസ്ഥയാണ് അവരില്‍ രൂപപ്പെടുന്നത്. താമരശേരിയില്‍ ലഹരിക്ക് അടിമയായ യുവാവ് സ്വന്തം മാതാവിനെയാണ് കഴുത്ത് ഞെരിച്ച് കൊന്നത്. തൃശൂരില്‍ ഇരുപത്തിമൂന്നുകാരന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതും ലഹരി തലയ്ക്കു പിടിച്ചാണ്.

മലപ്പുറത്ത് കഴിഞ്ഞ ദിവസം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ചെറുപ്പക്കാരനും മയക്കുമരുന്നിന്റെ മാസ്മരിക വലയത്തില്‍പ്പെട്ട ആളാണ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തൃശൂര്‍ പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നിലിട്ട് അക്ഷയ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും മയക്കുമരുന്നാണ്. കൊല്ലപ്പെട്ടയാളും അക്രമികളും ലഹരി മാഫിയയില്‍പ്പെട്ടവരാണ്.

ലഹരിയുമായി ബന്ധപ്പെട്ട് ഇങ്ങനെ എത്രയെത്ര കൊലപാതകങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മയക്കുമരുന്ന് തലയ്ക്കു പിടിച്ച് സ്വന്തം അമ്മയെയും സഹോദരമാരെയും ലൈംഗികമായി ആക്രമിച്ച നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്തിനധികം ലഹരിമൂത്ത യുവാവ് എണ്‍പത്തിരണ്ട് വയസുള്ള സ്വന്തം മുത്തശിയെ ബലാത്സംഗം ചെയ്ത സംഭവമുണ്ടായതും കേരളത്തിലാണ്.

ഇത്തരത്തില്‍ ആണ്‍, പെണ്‍ ഭേദമില്ലാതെ നമ്മുടെ യുവ തലമുറയെ ഇല്ലാതാക്കുകയാണ് മയക്കുമരുന്നെന്ന മഹാവിപത്ത്. യുവാക്കള്‍ മാത്രമല്ല, കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും ലഹരി മരുന്നിന്റെ ഉപഭോക്താക്കളും വില്‍പനക്കാരുമാണ് എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

തിരിച്ചറിഞ്ഞാല്‍ മാത്രം പോരാ... സമൂഹം ഒന്നടങ്കം ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടതുണ്ട്. ഇനിയും വൈകിയാല്‍ ലഹരിയും ചോരയും മണക്കുന്ന കുടുംബങ്ങളും തെരുവുകളും കേരളത്തിന്റെ അനുദിന ദുരന്ത കാഴ്ചകളായി മാറും. കാരണം ലഹരി മാഫിയ കേരളത്തില്‍ അത്രമാത്രം വേരുറപ്പിച്ചു കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 23,000 കിലോ സിന്തറ്റിക് ലഹരി പിടികൂടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഇതിന് ഏതാണ് 14,000 കോടി രൂപ മൂല്യം വരും. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്നാണ് ഇന്ത്യയില്‍ പിടികൂടിയതെന്ന കണക്കുമുണ്ട്. ഇതിലും എത്രയോ ഇരട്ടിയാണ് പിടിക്കപ്പെടാതെ വിറ്റഴിക്കപ്പെടുന്നത്.

ലഹരിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആശ്വാസകരമായ ഒരു വാര്‍ത്ത വന്നു. മയക്കുമരുന്നിന് അടിയമായ മകനെ ഒരമ്മ പൊലീസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശിനിയായ മിനി എന്ന ആ അമ്മ അങ്ങനെ ഒരു മഹാ മാതൃക നമുക്ക് കാണിച്ചു തന്നു.

ലഹരിയുടെ മായാ പ്രപഞ്ചത്തില്‍ വീണു പോകുന്ന മക്കള്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍ താമസംവിനാ മാതാപിതാക്കള്‍ രാജ്യത്തെ നിയമ സംവിധാനങ്ങളുടെ സഹായം തേടണം. മക്കളെ പിടിച്ച് പൊലീസില്‍ ഏല്‍പിച്ചു എന്ന തരത്തിലല്ല അതിനെ കാണേണ്ടത്. തങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഈ മഹാ വിപത്തില്‍ നിന്നും മക്കളെ എങ്ങിനെയെങ്കിലും മോചിപ്പിക്കാന്‍ സ്വീകരിച്ച നടപടിയായി മാത്രം അതിനെ കണ്ടാല്‍ മതി. അതാണ് മിനി എന്ന ആ അമ്മയും ചെയ്തത്.

ഇത്തരത്തില്‍ കുടുംബത്തില്‍ നിന്ന് തുടങ്ങണം ലഹരിക്കെതിരായ പോരാട്ടം. 'എന്റെ മക്കള്‍ കുഴപ്പക്കാരല്ല... അവര്‍ ലഹരി പദാര്‍ത്ഥങ്ങളൊന്നും തൊടില്ല' എന്ന് കരുതി ഒരു മാതാപിതാക്കളും ഈ പോരാട്ടത്തില്‍ നിന്ന് മാറി നില്‍ക്കരുത്. കാരണം ഈ മഹാവിപത്ത് ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെയും പടി കടന്നെത്തിയേക്കാം.

ലഹരിയുടെ 'മരണ ദൂതന്‍മാര്‍' മിഠായിയായും പൊടിയായും ക്യാപ്‌സ്യൂളുകളായും നമുക്ക് ചുറ്റുമുണ്ട് എന്ന ഓര്‍മ്മ എപ്പോഴുമുണ്ടാകണം. ലഹരി വില്‍പനക്കാര്‍ നമ്മുടെ പരിസരങ്ങളില്‍ എവിടെയെങ്കിലും എത്തിയതറിഞ്ഞാല്‍ അപ്പോള്‍ തന്നെ പൊലീസിനെയോ, എക്‌സൈസിനെയോ, അതുമല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയോ വിളിച്ചറിയിക്കണം. അങ്ങനെ നാമോരോരുത്തരും ലഹരിക്കെതിരായ യോദ്ധാക്കളായി മാറണം.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കൊപ്പം അധ്യാപകരടക്കമുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും മത, സന്നദ്ധ സംഘടനകളുടെയുമെല്ലാം കൂട്ടായ പ്രവര്‍ത്തനം അനിര്‍വാര്യമാണ്. അല്ലാതെ 'ആയിരം ലഹരിക്കച്ചവടക്കാര്‍ രക്ഷപെട്ടാലും സീറ്റ് ബെല്‍റ്റിടാതെ കാറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ പോലും രക്ഷപെടരുത്' എന്ന് ചിന്തിക്കുന്ന കേരളത്തിലെ പൊലീസിനെക്കൊണ്ടോ, എക്‌സൈസ്, നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരെക്കൊണ്ട് മാത്രമോ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ല ഇത്.

അമേരിക്കക്കാരനായ ഒല്ലി നീലിന്റെ ജീവിത കഥകൂടി ഇവിടെ പ്രതിപാദിക്കുന്നത് ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അവന്‍ മഹാ ഉഴപ്പനായിരുന്നു. പഠനത്തില്‍ ശ്രദ്ധയില്ല, സ്‌കൂളിലെത്തിയാല്‍ പലപ്പോഴും ക്ലാസില്‍ കയറാറില്ല, അധ്യാപകരോട് അല്‍പം പോലും ബഹുമാനമില്ല. മറ്റ് കുട്ടികള്‍ അധ്യാപകരെ സര്‍ എന്ന് വിളിക്കുമ്പോള്‍ ഒല്ലി നീല്‍ അവരെ പേരാണ് വിളിച്ചിരുന്നത്. അത്രമാത്രം താന്തോന്നിയായ കുട്ടി.

ക്ലാസില്‍ കയറാതെ നടക്കുന്നതിനിടെ ഒരു ദിവസം അവന്‍ സ്‌കൂള്‍ ലൈബ്രററിയിലെത്തി. അവിടെ അര്‍ധനഗ്നയായ ഒരു സ്ത്രിയിരുന്ന് പുക വലിക്കുന്ന പുറംചട്ടയോടു കൂടിയ ഒരു പുസ്തകം അവന്റെ കണ്ണില്‍പ്പെട്ടു. ആ പതിനാറുകാരനെ അത് വല്ലാതെ പ്രലോഭിപ്പിച്ചു. ആ പുസ്തകം മോഷ്ടിച്ച അവന്‍ അത് വീട്ടില്‍ കൊണ്ടു പോയി വായിച്ചു തീര്‍ത്തു. ഫ്രാങ്ക് യെര്‍ബി എഴുതിയ 'ദി ട്രഷര്‍ ഓഫ് പ്ലസന്റ് വാലി' എന്ന പുസ്തകമായിരുന്നു അത്.

മോഷ്ടിച്ചെടുത്ത ആ പുസ്തകം ആരും കാണാതെ തിരികെ കൊണ്ടുപോയി വയ്ക്കാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും ലൈബ്രറിയിലെത്തി. അപ്പോള്‍ പഴയ പുസ്തകമിരുന്നതിന്റെ തൊട്ടടുത്ത് അതേ ഓതറിന്റെ തന്നെ മറ്റൊരു പുസ്തകം അവന്‍ കണ്ടു. അതുമെടുത്ത് വായിച്ചു. അങ്ങനെ ഒന്നിന് പുറകേ മറ്റൊന്നായി ഫ്രാങ്ക് യെര്‍ബിയുടെ തന്നെ നാല് പുസ്തകങ്ങള്‍ വായിച്ചു.

അത് അവനില്‍ വായന ഒരു ലഹരിയാക്കി മാറ്റി. പിന്നീട് പത്രങ്ങള്‍, മാസികകള്‍ തുടങ്ങി കണ്ണില്‍ കണ്ടതെല്ലാം വായിച്ചു. മെല്ലെമെല്ലെ പാഠ പുസ്തകങ്ങളും വായിച്ചു തുടങ്ങി. അങ്ങനെ പഠിച്ച് പരീഷ പാസായി കോളജിലെത്തി നിയമത്തില്‍ ബിരുധമെടുത്ത് 1991 ല്‍ അര്‍ക്കന്‍സാസിലെ കറുത്ത വര്‍ഗക്കാരനായ ആദ്യ ജില്ലാ പ്രോസിക്യൂഷന്‍സ് അറ്റോര്‍ണിയായി മാറി. പിന്നീട് അവിടെ തന്നെ ജഡ്ജിയായും ഒല്ലി നീല്‍ നിയമിതനായി.

ഉഴപ്പനായി എങ്ങുമെത്താതെ പോകുമായിരുന്ന ഒരു കുട്ടിക്ക് വായന ലഹരിയായി മാറിയപ്പോള്‍ അവന്റെ ജീവിതത്തില്‍ വന്ന അത്ഭുതപ്പെടുത്തുന്ന മാറ്റം. അതാണ് ഒല്ലി നീലില്‍ കണ്ടത്. ഇനി ലഹരിയുടെ നിര്‍വചനം നോക്കാം... 'എന്തൊന്നാണോ നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നത്, വീണ്ടും വീണ്ടും കാണാനും ഉപയോഗിക്കാനും തോന്നിപ്പിക്കുന്നത്, അതൊക്കെയും  ലഹരിയാണ്'.

അങ്ങനെ നോക്കുമ്പോള്‍ വായന ലഹരിയാണ്... സംഗീതം ലഹരിയാണ്... യാത്രകള്‍, കായിക വിനോദങ്ങള്‍... ഇതെല്ലാം വളരെ നാച്വറല്‍ ആയിട്ടുള്ള ലഹരിയാണ്. പിന്നെന്തിന് സിന്തറ്റിക് ലഹരിയുടെ പിന്നാലെ പോയി കുടുംബങ്ങളെയും ബന്ധങ്ങളെയും സ്വപ്‌നങ്ങളെയും ഭാവിയെ തന്നെയും നശിപ്പിക്കണം?

ജീവിതമാകുന്ന ലഹരി ഉപയോഗിച്ചു നോക്കാത്തതു കൊണ്ടാണ്, അതിന്റെ യഥാര്‍ത്ഥ രുചി അറിയാത്തതു കൊണ്ടാണ് പലരും ഇത്തരത്തില്‍ സിന്തറ്റിക് ലഹരി തേടിപ്പോകുന്നത്. അതുകൊണ്ട് വീണ്ടും ഓര്‍മിക്കുക. 'ജീവിതമാണ് ലഹരി... ജീവിതമാകണം ലഹരി'.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.