കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഏപ്രിൽ 28 ന് വോട്ടെടുപ്പ്

കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഏപ്രിൽ 28 ന് വോട്ടെടുപ്പ്

ഓട്ടവ: കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28ന് തിരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയം ഉയർത്തുന്ന ഭീഷണിയെ നേരിടാൻ തനിക്ക് ശക്തമായ ജനവിധി ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ നേരത്തെ നടത്തുന്ന വോട്ടെടുപ്പ് ലിബറൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും കാർണി പങ്കുവയ്ക്കുന്നുണ്ട്.

"കാനഡയെ സുരക്ഷിതമാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. കാനഡയിൽ നിക്ഷേപം വർധിപ്പിക്കുക, കാനഡയെ പുനർനിർമിക്കുക, ഒന്നിപ്പിക്കുക, എന്നിവയാണ് തൻ്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ. അതുകൊണ്ടാണ് ശക്തമായ ഒരു പോസിറ്റീവ് ജനവിധി ഞാൻ പ്രതീക്ഷിക്കുന്നത്. പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ 28 ന് ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാൻ ഗവർണർ ജനറലിനോട് അഭ്യർഥിച്ചു. അതിന് അവർ സമ്മതിച്ചു", കാർണി പറഞ്ഞു.

മാർച്ച് 14നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി അധികാരമേറ്റത്. കാനഡയുടെ 24മത് പ്രധാനമന്ത്രിയാണ് കാര്‍ണി. രാഷ്ട്രീയ പശ്ചാത്തലമില്ലാതെയാണ് 59-കാരനായ കാര്‍ണി രാജ്യത്തെ നയിക്കാനെത്തിയത്. പാർലമെന്റിലോ, കാബിനറ്റ് രംഗത്തോ മുൻ പരിചയമില്ലാത്ത ആദ്യ കനേഡിയൻ പ്രധാനമന്ത്രി കൂടിയാണ് മാർക്ക് കാർണി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.